വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചതിന് ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം എസ്. ശ്രീശാന്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം. ശ്രീശാന്തിന്റെ സ്വഭാവം അല്‍പ്പം മോശമാണെന്നും വാതുവയ്പ്പുകാര്‍ സമീപിച്ചപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബി.സി.സി.ഐ) അറിയിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ. യുടെ നടപടി ചോദ്യംചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജഡ്ജിമാരായ അശോക് ഭൂഷണും കെ.എം ജോസഫും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഇക്കാര്യം ആരാഞ്ഞത്.
ആജീവനാന്ത വിലക്ക് റദ്ദാക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ വിലക്ക് അഞ്ചുവര്‍ഷമാക്കി ചുരുക്കണമെന്ന് ശ്രീശാന്തിന് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. കുറ്റംനടന്നുവെന്നു പറയുന്ന രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ഒത്തുകളി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു താരത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ശിദ് വാദിച്ചു. എന്നാല്‍, വാതുവയ്പ്പുകാര്‍ നിങ്ങളെ സമീപിച്ചപ്പോള്‍ ഉടന്‍ തന്നെ എന്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്നു ബെഞ്ചിലെ അശോക് ഭൂഷണ്‍, ശ്രീശാന്തിനോടു ചോദിച്ചു. ഈ സമയം ഇക്കാര്യം ബി.സി.സി.ഐയെ അറിയിക്കാന്‍ ശ്രീശാന്തിനു കഴിഞ്ഞില്ലെന്നു സമ്മതിച്ച ഖുര്‍ശിദ്, ഇനി അദ്ദേഹം കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പരമാവധി അഞ്ചുവര്‍ഷത്തെ വിലക്കിനേ നിയമമുള്ളൂവെന്നും വാദിച്ചു. ഇതോടെയാണ് ശ്രീശാന്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായപ്രകടനം. ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് ശ്രീശാന്തിന്റെ സ്വഭാവം നല്ലതല്ല എന്നാണ്. ആ കാര്യത്തില്‍ ഒരു സംശയവുമില്ല- രണ്ടംഗബെഞ്ച് പറഞ്ഞു.
ഒത്തുകളിയെത്തുടര്‍ന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനു ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടത് പിന്‍വലിച്ച കാര്യവും ഖുര്‍ശിദ് കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ ഇന്ത്യക്കു പുറത്തെങ്കിലും കളിക്കാന്‍ അവസരം നല്‍കണമെന്നും കളിക്കാനായി ഓരോ വര്‍ഷവും നിരവധി വാഗ്ദാനങ്ങളാണ് ലഭിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്ത് എന്തിനു വേണ്ടിയാണു കുറേ പണം കൈയില്‍ സൂക്ഷിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ അനാഥാലയത്തിനു നല്‍കാനാണ് പണം കൈയില്‍ വച്ചതെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഡല്‍ഹി പൊലിസ് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ചെന്നും ഇതോടെയാണ് കുറ്റംസമ്മതിക്കേണ്ടിവന്നതെന്നും ശ്രീശാന്ത് കോടതിയില്‍ പറഞ്ഞു.
കേസ് സംബന്ധിച്ച് ബി.സി.സി.ഐയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ക്കും മൊഴികള്‍ക്കും വിശദീകരണം നല്‍കാനായി ശ്രീശാന്തിനു രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. 2013ലെ ഐ.പി.എല്‍ മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ടീമിലെ ശ്രീശാന്തിന്റെ സഹതാരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാന്‍ എന്നിവരും അറസ്റ്റിലായിരുന്നു. വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയാറായില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിച്ച കേരളാ ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബി.സി.സി.ഐയുടെ അപ്പീല്‍ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയെയാണ് ശ്രീശാന്ത് സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."