ഉള്‍ക്കരുത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ ഇന്ന് പരീക്ഷാഹാളില്‍
കോഴിക്കോട്: ഇവരെ മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത് ഭിന്നശേഷിയല്ല, മറിച്ച് അവയെ തോല്‍പ്പിച്ച് മുന്നേറാനുള്ള അവരുടെ മനസാന്നിധ്യമാണ്. കൊളത്തറ വികലാംഗ വിദ്യാലയത്തിലെ പത്തൊന്‍പത് വിദ്യാര്‍ഥികളാണ് ഇന്ന് എസ്.എസ.്എല്‍.സി പരീക്ഷയ്ക്കിരിക്കുന്നത്. ഇതില്‍ ആറു കുട്ടികള്‍ കാഴ്ചക്കുറവും പതിമൂന്ന് പേര്‍ക്ക് കേള്‍വി ശേഷിയുമില്ല. പക്ഷേ ജീവിതവൈകല്യത്തെ ഉള്‍ക്കരുത്തിന്റെ വെളിച്ചം കൊണ്ട് നേരിടുകയാണിവര്‍. അന്ധരായ വിദ്യാര്‍ഥികള്‍ ചെറുവണ്ണൂര്‍ ഹൈസ്‌കൂളില്‍ സഹായിയുടെ കീഴിലാണ് പരീക്ഷ എഴുതുക. ഇവര്‍ക്കായി പ്രത്യേക പേപ്പര്‍ തന്നെയുണ്ട്.
ബധിര വിദ്യാര്‍ഥികള്‍ സ്വന്തം സ്‌കൂളില്‍ തന്നെയായിരിക്കും പരീക്ഷ എഴുതുക. പുതിയ പാഠപുസ്തകമായതിനാല്‍ പരീക്ഷ എങ്ങനെയായിരിക്കുമെന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്. പക്ഷേ, മോഡല്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മറ്റു സ്‌കൂളുകളെക്കാള്‍ നിലവാരം പുലര്‍ത്തിയെന്ന്് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
എട്ടു വര്‍ഷമായി സ്‌കൂളില്‍ നൂറ് ശതമാനമാണ് വിജയമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള പ്രിന്‍സിപ്പല്‍ റസാഖ് മാസ്റ്റര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും മാനേജുമെന്റും രക്ഷിതാക്കളുമുണ്ട്. ഇവരുടെ ശരീരത്തിന് മാത്രമെ ഭിന്നതയുള്ളുവെന്നും ഇവരുടെ മനസും കഴിവുകളും സ്വപ്‌നങ്ങളും വിശാലമാണെന്നും അധ്യാപകര്‍ പറയുന്നു. സ്‌കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നും വിദ്യാലയത്തില്‍ തന്നെ പഠിക്കാനാണ് താല്‍പര്യം. മികച്ച വിജയം പ്രതീക്ഷിച്ചാണ് ഇവര്‍ ഇന്ന് പരീക്ഷ എഴുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."