സര്‍ക്കാരിനോട് സര്‍വാത്മനാ സഹകരിക്കുക
അകന്നുപോയെന്നു നമ്മള്‍ ആശ്വസിച്ചിരുന്ന കൊവിഡ് 19 വീണ്ടും കേരളത്തില്‍ മടങ്ങിയെത്തിയിരിക്കുന്നു. അതാകട്ടെ ഒരു കുടുംബത്തിന്റെ തീര്‍ത്തും നിരുത്തരവാദപരമായ പ്രവര്‍ത്തനത്താലും. കൊവിഡ് 19നെ കേരളം അതിജീവിച്ചതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരോഗ്യപ്രവര്‍ത്തകര്‍ കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് സംസ്ഥാനത്തെ വീണ്ടും കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നവരും ചികിത്സയിലുണ്ടായിരുന്നവരും രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് നമ്മള്‍ ആശ്വസിച്ചത്. നിപയെ പ്രതിരോധിച്ചതുപോലെ കൊവിഡിനെയും പ്രതിരോധിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് പത്തനംതിട്ടയില്‍ മൂന്നംഗ കുടുംബത്തിനു രോഗം ബാധിച്ച വിവരം പുറത്തുവന്നത്.
ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ കുടുംബത്തിനാണ് രോഗബാധ. ഇതോടെ പത്തനംതിട്ടയില്‍ 168 പേര്‍ നിരീക്ഷണത്തിലായി. മൂവായിരത്തിലധികം പേര്‍ക്കു രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ആറു പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. കൊച്ചിയില്‍ മൂന്നു വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേര്‍ നിരീക്ഷണത്തിലാണ്. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് ദുബൈ വഴി കൊച്ചിയിലെത്തിയ കുട്ടിയെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയില്‍ മൂന്നംഗ കുടുംബം എത്തിയത് 29നാണ്. കഴിഞ്ഞ മൂന്നാം തിയതിയാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്. ഇത്രയും ദിവസത്തിനുള്ളില്‍ ഇവര്‍ പോയ സ്ഥലങ്ങളിലും പങ്കെടുത്ത ചടങ്ങുകളിലും ആളുകള്‍ക്കു രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ഇതാണ് അധികൃതരെ അലട്ടുന്നതും. കൊച്ചിയില്‍ വിമാനമിറങ്ങിയ ഈ കുടുംബം വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയോ തങ്ങള്‍ ഇറ്റലിയില്‍ നിന്ന് വരികയാണെന്ന് അറിയിക്കുകയോ ചെയ്തില്ല.
കുടുംബം വീട്ടില്‍ വന്നതിനു ശേഷം പലരുമായും ബന്ധപ്പെട്ടിരിക്കാമെന്നും കുടുംബവീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും കല്യാണം പോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കുമ്പോള്‍ വലിയൊരു ഭീഷണിയാണ് കേരളത്തെ ചൂഴ്ന്നുനില്‍ക്കുന്നതെന്നു വേണം കരുതാന്‍. ഇവര്‍ ബന്ധപ്പെട്ട ആളുകളുടെയും ഇവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരുടെയും നാട്ടില്‍ പങ്കെടുത്ത ചടങ്ങുകളുടെയും പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുക എന്നത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം വെല്ലുവിളി തന്നെയാണ്.
കുടുംബത്തിലെ ഒരാള്‍ക്കു മാര്‍ച്ച് ആറിനു പനി വന്നതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടെന്നു മനസ്സിലായത്. ഇവര്‍ കൊച്ചിയില്‍ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ നിന്ന് വരുന്നവരാണെന്നും പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ടെന്നും ബോധിപ്പിച്ചിരുന്നെങ്കില്‍ കേരളം അകറ്റിനിര്‍ത്തിയ രോഗം വീണ്ടും തലപൊക്കുകയില്ലായിരുന്നു. കുടുംബത്തിലെ യുവാവ് പറയുന്നത് വിമാനത്താവളത്തില്‍ തങ്ങള്‍ ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്നും കഴിഞ്ഞ നാലു വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നതെന്നുമുള്ള വിവരം അറിയിച്ചിരുന്നുവെന്നാണ്. അങ്ങനെയായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുമായിരുന്നു.
ഈ വിഷയത്തിന്റെ പേരില്‍ ഒരു വിവാദത്തിനു കോപ്പുകൂട്ടേണ്ട സമയമല്ലിത്. സര്‍ക്കാരുമായും ആരോഗ്യ വകുപ്പുമായും സഹകരിക്കുക എന്നതിനു തന്നെയായിരിക്കണം പ്രഥമ പരിഗണന. കൊവിഡിനു പുറമെ ഇപ്പോള്‍ പക്ഷിപ്പനിയും കുരങ്ങുപനിയും കൂടി കേരളത്തെ ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ കോഴിക്കടകളും കോഴി ഫാമുകളും അടച്ചിട്ടിരിക്കുകയാണ്. വയനാട്ടില്‍ ഒരു സ്ത്രീ കുരങ്ങുപനി ബാധിച്ചു മരിച്ചത് കഴിഞ്ഞ ദിവസമാണ്. കുരങ്ങുപനി ബാധിച്ച് പലരും ചികിത്സയിലാണ്. മരണഹേതുവാകുന്ന പലതരം രോഗങ്ങള്‍ കേരളത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈയൊരവസരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായി സഹകരിക്കുക എന്നതു തന്നെയാണ് പ്രധാനം. അന്യരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആ വിവരം വിമാനത്താവള അധികൃതരെയും ആരോഗ്യ വകുപ്പിനെയും നിര്‍ബന്ധമായും അറിയിക്കേണ്ടതാണ്. വിവരം മറച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
സന്ദര്‍ശന വിവരം മറച്ചുവച്ച് നാട്ടിലിറങ്ങി നടക്കുന്നത് മേന്മയല്ല. സഹജീവികളോടു ചെയ്യുന്ന ക്രൂരതയാണ്. സംസ്ഥാനം ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമല്ല ഉള്ളത്. എന്നാല്‍ കരുതലോടെ ഇരിക്കുക എന്നതിനു തന്നെയാണ് മുന്‍ഗണന. ആരോഗ്യ വകുപ്പു നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. കഴിയുന്നതും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. കല്യാണങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ലഘുവായി നടത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അങ്ങാടിയില്‍ നിന്നും ചന്ത സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. രോഗബാധ സംശയം ഉണ്ടായാല്‍ ആരോഗ്യ വകുപ്പു പറയുന്ന 28 ദിവസം നിരീക്ഷണത്തില്‍ കഴിയുക. സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതരാകുക എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. സമൂഹത്തോടു ചെയ്യുന്ന നന്മയായി വേണം ഇതിനെ കാണാന്‍. ഒരിക്കല്‍ പടികടത്തിയ നിപയെപ്പോലെ കൊവിഡിനെയും നമ്മള്‍ വീണ്ടും അതിജീവിക്കുക തന്നെ ചെയ്യും. ആ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെങ്കില്‍ നമ്മള്‍ ആരോഗ്യ വകുപ്പിനോടും സര്‍ക്കാരിനോടും സര്‍വാത്മനാ സഹകരിക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."