എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് ഇത്. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 നും വി.എച്ച്.എസ്.ഇ പരീക്ഷ 27നും അവസാനിക്കും.
13.74 ലക്ഷം കുട്ടികള്‍ സംസ്ഥാനത്താകമാനം എല്ലാ വിഭാഗങ്ങളിലുമായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ 2945 പരീക്ഷാ കേന്ദ്രങ്ങളിലും ഗള്‍ഫിലെയും ലക്ഷദ്വീപിലെയും ഒന്‍പത് വീതം പരീക്ഷാകേന്ദ്രങ്ങളിലുമായി 4,24,214 വിദ്യാര്‍ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 30,454 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. ഗള്‍ഫ്‌മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നുണ്ട്.
ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 87 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് (26,869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2,107). ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടിയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2,327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവണ്‍മെന്റ് എച്ച്.എസിലാണ് ഏറ്റവും കുറവ് (2).
ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,091 പേരാണ് പരീക്ഷ എഴുതുന്നത്. എ.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ 70 പേര്‍ പരീക്ഷയെഴുതും. എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 261 പേരും ടി.എച്ച്എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 17 പേരുമാണുള്ളത്.
പ്ലസ് ടുവില്‍ 2033 പരീക്ഷാ കേന്ദ്രങ്ങളിലായി 4,52,572 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. സ്‌കൂള്‍ ഗോയിങ് 3,77,322 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ 50,890 വിദ്യാര്‍ഥികളുമാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറത്താണ്(80,051).
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23ന് അവസാനിക്കും. 54 കേന്ദ്രീകൃത ക്യാംപുകളില്‍ രണ്ടുഘട്ടങ്ങളായാണ് മൂല്യനിര്‍ണയം നടക്കുക. നാലു മേഖലകളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാംപുകളുടെ ആദ്യഘട്ടം എട്ടിന് അവസാനിക്കും.
ഈസ്റ്റര്‍, വിഷു അവധിക്കു ശേഷം 15ന് പുനരാരംഭിച്ച് 23ന് അവസാനിക്കും. മേയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും. മൂല്യനിര്‍ണയത്തിനു മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ മാര്‍ച്ച് 30, 31 തീയതികളില്‍. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ മാര്‍ച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.
സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം
കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രതയിലായിരിക്കും പരീക്ഷ നടക്കുക. നിരീക്ഷണത്തിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്കും അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."