ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുന്നത്. ഇറ്റലിയില്‍നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്.
കോവിഡ് ചൈനയില്‍ വ്യാപിച്ച് തുടങ്ങിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
രോഗബാധിത പ്രദേശങ്ങളില്‍നിന്നു വന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഉത്തരവാദിത്തപരമായ പെരുമാറ്റം കാണിക്കുകയും അതേപടി പിന്തുടരുകയും ചെയ്തതിനാല്‍ മൂന്ന് രോഗികളില്‍ നിന്ന് ഒരു വ്യാപനവും ഉണ്ടായില്ലെന്ന് മാത്രമല്ല ഈ രോഗികളെല്ലാം രോഗമുക്തി നേടുകയും ചെയ്തു.
രോഗ ലക്ഷണമില്ലെങ്കില്‍ പോലും സമൂഹത്തില്‍ രോഗം പകരാതിരിക്കാന്‍ ഇത്തരം രാജ്യങ്ങളില്‍നിന്നു വന്നവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ഒരു മാസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. തല്‍ഫലമായി രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഴിഞ്ഞു.
കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് മടങ്ങിവന്ന കുറച്ച് വ്യക്തികള്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു.
അവര്‍ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."