ആഡംബര കാറുകള്‍ വാടകക്കെടുത്ത് തട്ടിപ്പ്: മൂന്നു പേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍: താല്‍ക്കാലിക ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് ഉടമസ്ഥരില്‍ നിന്നും ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയില്‍ വേങ്ങര കുന്നുംപുറത്ത് വാടകക്ക് താമസിക്കുന്ന കാസര്‍കോട് അകല്‍പാടി പോസ്റ്റ് ചക്കുടല്‍വീട്ടില്‍ അഷ്‌റഫ് (33), പഴയന്നൂര്‍ കാലേപാടം പി.ഒ. താവളത്തില്‍വീട്ടില്‍ ഷാനവാസ് (32), തൃത്താല വി.കെ. കടവ് ദേശം പുഴയ്ക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് (27) എന്നിവരെയാണ് ഗുരുവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ട്.
പ്രതികളില്‍ നിന്നും ഇത്തരത്തില്‍ തട്ടിയെടുത്ത 10 കാറുകള്‍ പൊലിസ് പിടികൂടി. കല്യാണങ്ങള്‍ക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കും കുറച്ചുദിവസത്തേക്ക് മതിയെന്നും വാടക തരാമെന്നും പറഞ്ഞാണ് മുഖ്യപ്രതി അഷ്‌റഫ് കാറുകള്‍ വാങ്ങിയിരുന്നത്. സഹായികളായ മറ്റു പ്രതികളാണ് കാറുകള്‍ കണ്ടെത്തുകയും ഉടമയെ തെറ്റിദ്ധരിപ്പിച്ച് കാറുകള്‍ അഷ്‌റഫിന് എത്തിക്കുകയും ചെയ്തിരുന്നത്. ഉടമകള്‍ക്ക് ആദ്യ രണ്ടുമാസം വാടക കൊടുത്ത് വിശ്വാസത്തിലെടുക്കുമായിരുന്നു. പിന്നെ വാടകയും കാറുമില്ല എന്നതായി അവസ്ഥ. തട്ടിയെടുത്ത കാറുകള്‍ മറ്റുപലര്‍ക്കും കൂടിയ തുകക്ക് വാടകക്ക് നല്‍കി പണം ഉണ്ടാക്കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. സ്പിരിറ്റ്, മയക്കുമരുന്ന്, മണല്‍ എന്നിവ കടത്താനും കാറുകള്‍ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
ഗുരുവായൂരിനടുത്ത് നമ്പഴിക്കാട് സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ റഹീന്റെ ഇന്നോവ കാര്‍ മൂന്ന് മാസം മുന്‍പ് വാടകക്കെടുത്ത് തിരിച്ചുകൊടുത്തില്ലെന്ന പരാതിയിലെ അന്വേഷണമാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. തൃശൂര്‍ ഈസ്റ്റ്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, തൃത്താല തുടങ്ങിയ പൊലിസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രതികള്‍ കാറുകള്‍ തട്ടിയെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളാണ് പോലിസ് പിടികൂടിയത്.
അസി. പൊലിസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള, സി.ഐ എം.കൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.ആര്‍ സുരേഷ്, വി.ശശികുമാര്‍, എ.എസ്.ഐ മനോജ്, സീനിയര്‍ സി.പി.ഒമാരായ അനില്‍കുമാര്‍, അനിരുദ്ധന്‍, സി.പി.ഒമാരായ വിബീഷ്, ലിജോ, രഞ്ജിത്ത്, ദിബീഷ്, സുമോദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."