മുന്‍ കശ്മിര്‍ മുഖ്യമന്ത്രിമാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: തടങ്കലില്‍ വച്ച മൂന്ന് മുന്‍ കശ്മിര്‍ മുഖ്യമന്ത്രിമാരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പൊതു സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയ മുന്‍ മുഖ്യന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കേന്ദ്രത്തിന് കത്തയച്ചത്. മോദി സര്‍ക്കാറിന്റെ പകപോക്കല്‍ നയങ്ങളിലൂടെ ജനാധിപത്യ വിയോജിപ്പുകള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നു.
മുന്‍ മുഖ്യമന്ത്രിമാരെയും പ്രവര്‍ത്തകരെയും അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നത് ന ഗ്നമായ മൗലികാവകാശലംഘനമാണ്. കശ്മിരിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണിത്. കശ്മിര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കളവ് പ്രചരിപ്പിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കശ്മിരില്‍ തടങ്കലില്‍വച്ചവരുമായും അവരുടെ പാര്‍ട്ടികളുമായും നിങ്ങള്‍ക്ക് ഭരണപങ്കാളിത്തമുണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്നു മുതലാണ് അവര്‍ ദേശസുരക്ഷക്ക് ഭീഷണിയായതെന്നും നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു.
എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍, സി.പി.എം, സി.പി.ഐ, ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍, മുന്‍ ബി.ജെ.പി മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ഒപ്പിട്ടത്. എന്നാല്‍ പ്രമേയത്തില്‍ കോണ്‍ഗ്രസ് ഒപ്പിട്ടില്ല. ഒപ്പിടാത്തതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മിരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. അന്ന് മുതല്‍ മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."