ലഹരി വിപണനത്തിലും ഉപഭോഗത്തിലും കാസര്‍കോട് രണ്ടാം സ്ഥാനത്ത്
കാസര്‍കോട്: ലഹരി വിപണനത്തിലും ഉപഭോഗത്തിലും സംസ്ഥാനത്ത് കാസര്‍കോട് ജില്ല രണ്ടാം സ്ഥാനത്തെന്ന് കണ്ടെത്തല്‍. ലഹരി വിമോചനത്തിനായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ട്രസ്റ്റ് നടത്തിയ പ്രാഥമിക സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഈ കണ്ടെത്തലിനെ തുടര്‍ന്ന് വിപുലമായ സര്‍വേയ്ക്കും ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലകള്‍ കേന്ദ്രീകരിച്ച് നാളെ മുതല്‍ തുടക്കമാവുമെന്ന് സാന്ത്വനം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലഹരി വിപണനത്തിലും ഉപഭോഗത്തിലും സംസ്ഥാനത്തെ ഉയര്‍ന്ന ശരാശരിയാണ് കാസര്‍കോട് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിതര വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ കാസര്‍കോടെ ലഹരി ഉപഭോഗവും വിപണനവും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സാന്ത്വനം സര്‍വേ നടത്തും. ജില്ലയിലെ 30 സ്‌കൂളുകളില്‍ സര്‍വേയും ലഹരി വിരുദ്ധ പ്രചാരണവും നടത്തുവാനാണ് തീരുമാനം.
എട്ടു മുതല്‍ 10വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരാണ് കൂടുതലായി ലഹരിയുടെ വലയില്‍ അകപ്പെടുന്നതെന്ന് കണ്ടെത്തിയതായും സാന്ത്വനം പ്രവര്‍ത്തകര്‍ പറയുന്നു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശയാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലഹരിയുടെ വലയില്‍ അകപ്പെടുന്ന കുട്ടികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസിന് കഴിയാത്തതും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കണ്ടെത്താന്‍ കഴിയാത്തതിനാലും ലഹരിമാഫിയയുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്നും സാന്ത്വനം പ്രവര്‍ത്തകര്‍ പറയുന്നു. ലഹരിയുടെ വലയില്‍ വീണ കുട്ടികളെ ഉപദേശിക്കാന്‍ ഭയപ്പെടുന്നുവെന്ന് ഒരു വിഭാഗം അധ്യാപകരും ഇത്തരം വിദ്യാര്‍ഥികളുടെ പ്രതികരണം പലപ്പോഴും ഭയപ്പെടുത്തുന്നതാണെന്ന് രക്ഷിതാക്കളും കര്‍ക്കശമായി ചോദ്യം ചെയ്യാനോ, മുന്നറിയിപ്പ് നല്‍കാനോ കഴിയുന്നില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥരും പറയുമ്പോള്‍ കുട്ടികളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാവുന്നുവെന്നും ലഹരി ഉപയോഗം ഇങ്ങനെ വ്യാപകമായാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാനത്തെ കാംപസുകള്‍ നിശ്ചലമാകുമെന്നും സാന്ത്വനം ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.കെ മോഹനന്‍ പറയുന്നു. നാളെ കാസര്‍കോട്ടുനിന്നാരംഭിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര 15 മാസമെടുത്താണ് സംസ്ഥാനത്തെ 14 ജില്ലകളിലും സര്‍വേയും ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തുക. സാന്ത്വനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി സുരേന്ദ്രന്‍, ട്രസ്റ്റി പി.വി സുകേഷ് കുമാര്‍, സരോജിനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."