കൊറോണ യാത്രാനിയന്ത്രണങ്ങള്‍ ; കണക്ഷന്‍ ഫ്ളൈറ്റ് കിട്ടാതെ നൂറുകണക്കിന് പ്രവാസി മലയാളികള്‍
ജിദ്ദ: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ ,കണക്ഷന്‍ ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍.
കുവൈത്തിനു പിന്നാലെ ഖത്തറും സഊദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പ്രവാസികള്‍ അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നു ബഹ്‌റൈനിലെ മനാമയിലിറങ്ങി സഊദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികള്‍ക്കു കണക്ഷന്‍ വിമാനം ലഭിച്ചില്ല. ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു സഊദി വിലക്ക് ഏര്‍പ്പെടുത്തിയതാണു പ്രശ്‌നം. ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു.യുഎഇ വഴി സഊദിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ രണ്ടു വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല. അതേ സമയം
അതിനിടെ കൊറോണ ഭീതിയില്‍ ആഗോളതലത്തില്‍ സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് റദ്ദാക്കി. ഏപ്രില്‍ 24 വരെയാണ് റദ്ദാക്കിയത്.
എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കി.ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രില്‍ 17 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സര്‍വീസ് ഖത്തര്‍ എയര്‍വെയ്സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കി.ചൈനീസ് എയര്‍ലൈന്‍ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങളിലെ പരിശോധനയും കര്‍ശനമാക്കി. രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയാണ്.
അതേ സമയം സഊദി ചൈനയടക്കം 15 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ലബനാന്‍, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, തുര്‍ക്കി, ജര്‍മനി ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് സഊദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്കുണ്ട്. ഇതുവഴി കണക്ഷന്‍ ഫ്ലൈറ്റുകളിലെത്തിയ മലയാളികളേയും തിരിച്ചയച്ചു. ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം വിമാനക്കമ്പനികള്‍ റദ്ദാക്കി. ജി.സി.സിയിലെ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കോടെ കൊറോണ ഭീതി വാണിജ്യ വ്യവസായ മേഖലയേയും ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."