'സര്‍ഫേസി നിയമം പിന്‍വലിക്കണം'
തൃശൂര്‍: കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ചെറുകിട വായ്പക്കാരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഏകപക്ഷീയമായി ജപ്തി ചെയ്യുവാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുന്ന സര്‍ഫേസി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. ഫോര്‍വേഡ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഘടനയായ പുരോഗമന കര്‍ഷക സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ എ.ജി ഓഫിസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
2001ല്‍ വാജ്‌പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ഫേസ് നിയമം സിവില്‍ നിയമനടപടി മുഖാന്തിരം വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ 2016 ല്‍ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി സര്‍ഫേസി നിയമം ഭേദഗതി ചെയ്യുകയും വായ്പ മൂന്നു പ്രാവശ്യം കുടിശിക വരുത്തിയാല്‍ സിവില്‍ നടപടി കൂടാതെ ബാങ്കുകള്‍ക്ക് വായ്പക്കാരുടെ ഭൂമിയും സ്വത്തും ജപ്തി ചെയ്യാന്‍ അനുവാദം നല്‍കി. ഇതു മൂലം ചെറുകിട വായ്പകള്‍ എടുത്ത കര്‍ഷകരുടെ ചെറുകിയ വ്യാപാരികളും വ്യവസായികളും സാധാരണക്കാരുമാണ് ദുരിതമനുഭവിക്കുന്നത്. ഈ ആവശ്യം മുന്‍നിര്‍ത്തി ഫോര്‍വേഡ് ബ്ലോക്ക് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിച്ചത്.
പുരോഗമന കര്‍ഷക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ശങ്കരനെല്ലൂര്‍ അധ്യക്ഷനായി. സംസാഥാന സെക്രട്ടേറിയറ്റംഗം ബി. രാജേന്ദ്രന്‍ നായര്‍, ഡോ. ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ഡോ. മാര്‍ട്ടിന്‍ പോള്‍, ടി.യു.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രാജന്‍, കെ.ബി രതീഷ്, എ.ഇ സാബിറ, രാജന്‍ പൈക്കാട്, ഫ്രാന്‍സിസ് പിന്‍ഹീറോ, സുഭാഷ് കുണ്ടന്നൂര്‍, ജോജന്‍ കെ. ജോസ്, കെ.എസ് വേലായുധന്‍, ജോസ് ജേക്കബ്, ബിന്‍സ് ജോസഫ്, ഡിബിന്‍ ചന്ദ്ര, പ്രദീപ് മച്ചാടന്‍, ജോസഫ് പുല്‍പ്പറ, വിശാല്‍ തടത്തില്‍, ഇന്ദിര ഉത്തമന്‍, കമലം കാഞ്ഞാണി സംസാരിച്ചു. പോസ്‌റ്റോഫിസ് റോഡിനു മിന്നില്‍ നിന്നു പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."