ചാലിശ്ശേരി പൊലിസ് സ്റ്റേഷന് ഇനി ബാലസൗഹൃദം
കൂറ്റനാട്: ചാലിശ്ശേരി പൊലിസ് സ്റ്റേഷനെ ബാലസൗഹൃദ പൊലിസ് സ്റ്റേഷനാക്കുന്നതിനായി പദ്ധതി നടപ്പിലാക്കുകയാണ് തൃത്താല എം.എല്‍ എ വി.ടി ബല്‍റാം. പൊലിസ് വകുപ്പിന്റെ ഒന്‍പത് ലക്ഷവും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 17 ലക്ഷവും ചേര്‍ത്താണ് 26 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തത പൊലിസ് അധികാരികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എം.എല്‍.എ.ഫണ്ടില്‍ നിന്ന് ആവശ്യമായ തുക അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊലിസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.
ഏതാണ്ട് 850 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തിലാണ് പൊലിസ് സ്റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്ലി സ്പേസ് ഒരുക്കുന്നത്. കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള പ്രത്യേക റൂം, സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള മുറികള്‍, മിനി ലൈബ്രറി, കളിയുപകരണങ്ങള്‍, ടോയ്ലറ്റുകള്, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍, ചുമര്‍ചിത്രങ്ങള്‍ തുടങ്ങി നിരവധി ബാലസൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുക. കുട്ടികളുടെ നിയമങ്ങളില്‍ അവഗാഹമുള്ള ഉചിതമായ മനോഭാവവും പെരുമാറ്റ രീതികളുമുള്ള, പരിശീലനം സിദ്ധിച്ച ചൈല്‍ഡ് വെല്‍ഫയര്‍ ഓഫിസറടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരെ ഇവിടെ പ്രത്യേകമായി നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."