കെ.എസ്.ആര്‍.ടി.സി ബസ് യാത്രാ വിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കാതെ വാക്കുതര്‍ക്കമുണ്ടായി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ ചിലര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ജനുവരി 28ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ കണ്ടക്ടറോട് എം.എല്‍.എമാര്‍ക്ക് പാസ് അനുവദനീയമാണോയെന്ന് തിരക്കിയപ്പോള്‍ ചോദിച്ചിട്ട് പറയാമെന്ന് കണ്ടക്ടര്‍ പറയുകയും പിന്നീട് നിയമസഭ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി നമ്പര്‍ എഴുതിയ ശേഷം തിരിച്ചുതരികയും ചെയ്തു.
തുടര്‍ന്ന് രാത്രി 12ഓടെ കണ്ടക്ടര്‍ പാസ് അനുവദനീയമല്ലെന്ന് പറഞ്ഞതിനാല്‍ ടിക്കറ്റിന്റ് തുക നല്‍കുകയും ചെയ്തു. വസ്തുത ഇതായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലെ ചില ജീവനക്കാര്‍ തന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍ക്കുന്ന വിധത്തില്‍ വ്യാജ പ്രചരണം നടത്തിയതെന്നും, ഇതിന് പിന്നില്‍ ഗൂഡാലോചനയുള്ളതായി സംശയിക്കുന്നതായും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഇതേകാര്യങ്ങള്‍ തന്നെയാണ് കെ.എസ്.ആര്‍.ടി ലോഫ്‌ളോര്‍ ബസിലെ കണ്ടക്ടറായിരുന്ന സുനില്‍കുമാറും പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭാസ്പീക്കര്‍ ശ്രീരാമകൃഷ്ണന് എം.എല്‍.എ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര അന്വേഷണത്തിന് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."