ബധിര വിദ്യാലയത്തിന്റെ സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ജഗതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ബധിരവിദ്യാലയത്തിന്റെ സ്ഥലത്ത് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കൈറ്റിന്റെ ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള നീക്കം തടയണമെന്ന ആവശ്യത്തിന്മേല്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് കേസെടുത്തു.
കമ്മിഷന്‍ അംഗം ഡോ. എം.പി ആന്റണിയുമായി ചേര്‍ന്ന് ചെയര്‍മാന്‍ സ്‌കൂളും പരിസരവും സന്ദര്‍ശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ ഡയരക്ടറോട് ആവശ്യപ്പെട്ടു.
പ്രീ-പ്രൈമറി മുതല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മൂക-ബധിര വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്റെ ലാബ് സ്‌കൂളിനോട് ചേര്‍ന്ന് ആരംഭിച്ചത്. ഇപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൈറ്റിന്റെ വിപുലമായ ഓഫിസ് സമുച്ചയത്തിന് വേണ്ടി വസ്തു അളന്നുതിരിക്കാന്‍ ശ്രമം ആരംഭിച്ചതായി ആരോപിച്ചാണ് ആള്‍ കേരള പാരന്റ്‌സ് അസോസിയേഷന്‍ ഒഫ് ഹിയറിങ് ഇംപയേഡ് ബാലാവകാശ സംരക്ഷണ കമ്മിഷനെ സമീപിച്ചത്.
കൈറ്റിന്റെ പുതിയ കെട്ടിടം നിര്‍മിക്കപ്പെടുന്നതോടെ കുട്ടികള്‍ക്ക് കളിക്കാനുള്ള പരിമിതമായ സ്ഥലസൗകര്യം ഇല്ലാതാകുകയും സമാധാനാന്തരീക്ഷത്തിന് ഭംഗം വരികയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു.വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ കഴിയാത്ത കുട്ടികള്‍ പല തവണ അപകടത്തില്‍പ്പെട്ടതായും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പുറമേ നിന്നുള്ള വാഹനങ്ങള്‍ കയറരുതെന്ന ചട്ടത്തിന്റെ ലംഘനമാണിതെന്നും പരാതിയില്‍ ഉണ്ട്. നീക്കത്തിനെതിരേ സ്‌കൂള്‍ അധ്യാപക രക്ഷാ കര്‍തൃ സംഘടന, തിരുവനന്തപുരം അസോസിയേഷന്‍ ഓഫ് ദ ഡെഫ്, ആള്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ഡെഫ് എന്നീ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."