പ്രളയത്തില്‍ വീട് തകര്‍ന്ന അയ്യപ്പനും കുടുംബവും സര്‍ക്കാര്‍ ലിസ്റ്റിന് പുറത്ത്
പറവൂര്‍: മഹാപ്രളയത്തില്‍ വീട് നിശേഷം നിലംപൊത്തിയ നിര്‍ധന കുടുംബം സര്‍ക്കാരിന്റെ വീട് പോയവരുടെ ലിസ്റ്റില്‍പ്പെടാതെ പുറത്ത്. പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് തേലത്തുരുത്ത് നെല്‍പ്പുര പറമ്പില്‍ അയ്യപ്പ (62) നാണ് വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍പ്പെടാതെ പുറത്തായത്.
പ്രളയ ശേഷംകുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. തേലത്തുരുത്തില്വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഒന്നാമതായി ലിസ്റ്റില്‍ പേര് വരേണ്ടയാളാണ് അയ്യപ്പനെന്ന കാര്യം നാട്ടുകാര്‍ തന്നെ സമ്മതിക്കും. ലിസ്റ്റില്‍ പേരില്ലാത്ത വിവരം വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ അയ്യപ്പന്റെ പേര് വീട് ഭാഗികമായി തകര്‍ന്നവരുടെ ലിസ്റ്റിലാണ് ഇടം പിടിച്ചിട്ടുള്ളതെന്നാണ് വില്ലേജ് ഓഫിസറുടെ മറുപടി.
പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച കൊച്ചു കൂരയിലാണ് അന്തിയുറങ്ങുന്നത്. ഭാര്യ ഗീതയെ കൂടാതെ വിവാഹിതയായ മൂത്ത മകള്‍ അനീഷയും ഭര്‍ത്താവ് അനിലും ഇവരുടെ വിദ്യാര്‍ത്ഥികളായ അരവിന്ദും അപര്‍ണയുമെല്ലാം ഇവിടെയാണ് താമസം. സ്വയം തൊഴില്‍ ചെയ്യാന്‍ കുടുംബത്തിലെ നാലംഗങ്ങള്‍ ചേര്‍ന്ന് ചെറുകടപ്പുറം സര്‍വിസ് സഹകരണ സംഘത്തില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപയുടെ തിരിച്ചടവ് അറ് തവണ മുടങ്ങി കിടക്കുകയാണ്. വീടെന്ന സ്വപ്നം പൂവണിയാന്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."