HOME
DETAILS

ജാഗ്രതയാണ് മുഖ്യം

  
backup
March 11 2020 | 19:03 PM

corona-virus-35613131312

വെറും മൂന്നു മാസം മുന്‍പ് ചൈനയില്‍ ഏതോ ഒരു വ്യക്തിയില്‍ പ്രവേശിച്ച കൊവിഡ് -19, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങള്‍ക്കിടയാക്കി, സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തി. വെറും ജലദോഷമാണ്, ഉടന്‍ മാറും, നമ്മള്‍ സ്‌ട്രോങ്ങല്ലേ, നിപായെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ. ഇന്ന്, ഇപ്പോള്‍ നാം ഓരോരുത്തരും ഇതിനായി എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതനുസരിച്ചിരിക്കും വരും മാസങ്ങളില്‍ എന്തു നടക്കാന്‍ പോകുന്നു, പോകുന്നില്ല എന്നുള്ളത്. വളരെ ഗൗരവമേറിയ വിഷയമാണ്. രാജ്യം ഇന്നു വരെ നേരിടാത്ത ഒരു അടിയന്തര സാഹചര്യമാണ്, സംശയമില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒന്നോ രണ്ടോ വ്യക്തികളുടെ മണ്ടത്തരം പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ വേണ്ടത് വീമ്പും അഭ്യൂഹവുമല്ല, മറിച്ച് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയുമാണ്.

വിദേശത്തു നിന്ന് ബന്ധുക്കള്‍
വന്നാല്‍

1. കൊവിഡ് -19 ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നവരുമായി നേരിട്ടുള്ള സമ്പര്‍ക്കം 28 ദിവസത്തേക്ക് ഒഴിവാക്കുക. എത്ര അടുപ്പമുള്ളവരായാലും ഒരു കാര്യം ഓര്‍ക്കുക: എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടര്‍ന്നു പിടിച്ചത്, പുറമെ നിന്ന് വിമാനത്തിലും കപ്പലിലും വന്നവരില്‍ നിന്നാണ്. ഇറ്റലിയില്‍ നിന്നും ചൈനയില്‍ നിന്നും ധാരാളം മലയാളികള്‍ കേരളത്തില്‍ എത്താറുണ്ട്.ഈ വൈറസിന്റെ വ്യാപന ശേഷി (ആര്‍0) കൂടുതലാണ്. ആര്‍0 എന്നാല്‍ ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകരുന്നു എന്നതാണ്. ഒന്നില്‍ കൂടുതലായാല്‍ സമൂഹത്തില്‍ അതിവേഗം പടര്‍ന്നു പിടിക്കും. കൊവിഡിന്റേത് 2 മുതല്‍ 4 വരയത്രേ. എന്നു വച്ചാല്‍ ഒരാളില്‍ നിന്ന് രണ്ടു പേര്‍ക്ക്, അവരില്‍ നിന്ന് നാലു പേര്‍ക്ക്, ആ നാലു പേരില്‍ നിന്ന് എട്ടു പേര്‍, പിന്നെ പതിനാറു പേര്‍, പിന്നെ 32, 64, 128 അങ്ങനെ അതിവേഗം സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് ചൈന, ജപ്പാന്‍, ഇറാന്‍, ഇറ്റലി ഇവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.


ഇവരില്‍ ചിലര്‍ 'സൂപ്പര്‍ സ്‌പ്രെഡേഴ്‌സ്' ആണെന്ന് പറയപ്പെടുന്നു, ഒരാള്‍ തന്നെ അനേകം പേര്‍ക്ക് അണുബാധ വരുത്തുന്ന അവസ്ഥയാണിത്. കാരണങ്ങള്‍ വ്യക്തമല്ല. സമൂഹത്തില്‍ നൈസര്‍ഗികമായ പ്രതിരോധത്തിന്റെ അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം, കൊറോണാ കുടുംബത്തില്‍ പുതിയ അംഗമായി എത്തിയ ഈ കൊവിഡ് - 19 ആര്‍ക്കും ഇതിനു മുന്‍പു വന്നിട്ടില്ല എന്നതു തന്നെ.


2. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ വന്നവര്‍ സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഇവര്‍ക്കു നല്‍കപ്പെട്ടിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ കര്‍ശനമായി ഇവര്‍ പാലിക്കേണ്ടവരാണ്, അല്ലാതെ അവരവര്‍ക്ക് തോന്നിയതു പോലെ അലഞ്ഞു നടക്കുകയല്ല വേണ്ടത്. ഇവരില്‍ ഒരാളില്‍ നിന്ന് അനേകായിരം ആള്‍ക്കാര്‍ക്ക് വൈറസ് പകരാം എന്നത് ഇറ്റലിയുടെ ദുരനുഭവം നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നതാണല്ലോ സ്വയം അപകടത്തില്‍ ചാടുന്നതിലും നല്ലത്. കൊവിഡ് 19ന്റെ കേസ് ഫറ്റാലിറ്റി റേറ്റ് ആയ 3.5 ശതമാനം അല്‍പം കുറവല്ലേ എന്നു ചിലര്‍ക്ക് തോന്നാമെങ്കിലും, (നൂറു പേര്‍ക്കു രോഗം വന്നാല്‍ എത്ര പേര്‍ മരണപ്പെടും എന്ന കണക്ക്) പിടിവിട്ടു പോയാല്‍ മൂന്നേകാല്‍ കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചു കേരളത്തില്‍ മാത്രം എത്ര ജീവന്‍ ഈ വൈറസ് അപഹരിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല, പ്രായം ചെന്നവരില്‍ മരണ സാധ്യത 15% വരെ ഏറുന്നു, അതായത് ആറു പേരില്‍ ഒരാള്‍ മരണപ്പെടാം. പ്രമേഹരോഗികളിലും, ശ്വാസകോശരോഗമുള്ളവരിലും ഹൃദ്രോഗമുള്ളവരിലും മരണസാധ്യതയേറുന്നു.

പൊതുജനങ്ങള്‍ ചെയ്യേണ്ടത്


1. പൊതു ചടങ്ങുകള്‍ പരമാവധി ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടുനില്‍ക്കുക.
2. ഹസ്തദാനം ഒഴിവാക്കുക; പനി സീസണില്‍ ഹസ്തദാനം ചെയ്യുന്നത് മറ്റൊരാളുടെ വിരലുകളില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ നമ്മുടെ കൈയില്‍ വന്നെത്താനുള്ള എളുപ്പ മാര്‍ഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്.
3. പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ കൈകള്‍ ഇടയ്ക്കിടെ കഴുകാന്‍ ശ്രദ്ധിക്കണം. ഇരുപതു സെക്കന്റെങ്കിലും എടുത്തു വേണം കഴുകാന്‍. യാത്ര, ജോലി എന്നിവയ്ക്കിടയില്‍ ആല്‍ക്കഹോള്‍ ബേസ്ഡ് ആയിട്ടുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാവുന്നതാണ്. നിരന്തരം നാം സ്പര്‍ശിക്കുന്ന മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാനും മറക്കരുത്.
4. വിരലുകള്‍ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്പര്‍ശിക്കാതിരിക്കുക.
5. അനേകം പേര്‍ പിടിക്കാനിടയുള്ള ഡോര്‍ ഹാന്‍ഡിലുകളിലും ഗോവണിപ്പടിയുടെ റൈലിങ്ങുകളിലും പൊതു സ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും സ്പര്‍ശിക്കാതിരിക്കുക
6. ചുമ, തുമ്മല്‍ മുതലായവ ഉള്ളവരില്‍ നിന്ന് പരമാവധി (മൂന്നടിയെങ്കിലും) അകലം പാലിക്കുക. അഥവാ പനി, ചുമ, ജലദോഷം എന്നിവ പിടിപെട്ടാല്‍ വീട്ടില്‍ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.
7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു മടക്കി അതിലേക്കു തുമ്മുക, നമ്മുടെ ഉള്ളിലെ സ്രവങ്ങള്‍ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാന്‍ ഇതുപകരിക്കും. ഏതു വൈറല്‍ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.
8. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല. മാത്രമല്ല , മാസ്‌ക് ഇടയ്ക്കിടെ അഡ്ജസ്റ്റ് ചെയ്യുന്നതു മൂലം കൂടുതല്‍ തവണ മുഖത്തും മറ്റും വിരലുകള്‍ സ്പര്‍ശിക്കാനിടയാകും, അതു വൈറസ് കയറാനുള്ള റിസ്‌ക് കൂട്ടുകയും ചെയ്യും.
9. എന്നാല്‍, സാധാരണ പനി, ജലദോഷം, ചുമ ഉള്ളവര്‍ പൊതുസ്ഥലത്തു പോകാന്‍ ഇടയായാല്‍ സാധാരണ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരു സുരക്ഷയാണ്. രോഗിയുടെ ഡ്രോപ് ലെറ്റ്‌സ് മറ്റുള്ളവര്‍ ശ്വസിക്കാതിരിക്കാന്‍ ഉപകരിക്കും. ഇതിന്റെ നിറമുള്ള ഭാഗം പുറത്തു കാണത്തക്ക രീതിയിലാണ് ധരിക്കേണ്ടത്. റെസ്‌ക്യൂ ചെയ്യാന്‍ പാടുള്ളതല്ല.
10. കൊവിഡ് ബാധിത രോഗികളെ ശുശ്രൂഷിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്, പി.പി.ഇ (പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്) ന്റെ കൂടെ. ഈ മാസ്‌ക്കുകളുടെ പ്രത്യേകത, അടുത്തു നില്‍ക്കുന്ന രോഗി ചുമയ്ക്കുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന ഡ്രോപ് ലെറ്റ്‌സ് അഥവാ കണങ്ങള്‍ ഉള്ളില്‍ കടത്തി വിടുകയില്ല എന്നതാണ്.

വിദേശത്തു നിന്ന് വന്നവര്‍
ശ്രദ്ധിക്കേണ്ടത്


1. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ കൃത്യമായി യാത്രാ വിവരം എയര്‍പോര്‍ട്ട് സ്‌ക്രീനിങ്ങിലും പിന്നീട് ആരോഗ്യ പ്രവര്‍ത്തകരെ കാണുമ്പോഴും വെളിപ്പെടുത്തുക. നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 28 ദിവസം വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയുക. ഇതിന് ഹോം ക്വാറന്റൈന്‍ എന്നു പറയും. ഇവര്‍ വീട്ടിലെ കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ കുറഞ്ഞത് മൂന്നടി അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത്. വീട്ടില്‍ എത്തിയ വിവരം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മാത്രവുമല്ല, ഒരു മുന്‍കരുതലായി ഈ വീടുകളില്‍ താമസിക്കുന്ന കുട്ടികള്‍ 28 ദിവസത്തേക്ക് സ്‌കൂളില്‍ പോകരുത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.


3. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് രോഗ ലക്ഷണങ്ങളോടെ വന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നിര്‍ദേശങ്ങളുണ്ട്. പരിശോധനയ്ക്കു ശേഷം അഡ്മിറ്റ് ചെയ്യുകയോ സ്വന്തം വീട്ടില്‍ 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിനു (ഹോം ക്വാറന്റൈന്‍) വിടുകയോ ചെയ്യും. ടെസ്റ്റിങ് ഫലം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അടുത്ത ദിവസം തന്നെ ലഭിക്കും.


4. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വരാനിടയായ വ്യക്തികള്‍ക്ക് 28 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണ്ടതാണ്.
5. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് നല്ല ആരോഗ്യത്തോടെ, രോഗ ലക്ഷണങ്ങളില്ലാതെ നാട്ടില്‍ വന്നവരില്‍ പിന്നീട് രോഗ ലക്ഷണങ്ങള്‍ (പനി, ചുമ, ശ്വാസം മുട്ട്) പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക, നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക. വൈറസ് ബാധയുള്ളവരാണെങ്കില്‍ സാധാരണ ഗതിയില്‍ യാത്ര ചെയ്തത് 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും, എങ്കിലും 28 ദിവസം വരെ ജാഗ്രത വേണ്ടതാണ്.

മുന്‍കരുതല്‍


1. യുനിസെഫ് മുതലായ പേരുകള്‍ ചേര്‍ത്തുള്ള വ്യാജ സന്ദേശങ്ങള്‍ നിരാകരിക്കുക, ഫോര്‍വേഡ് ചെയ്യാതിരിക്കുക.
2. ഡി.എച്ച്.എസ് (കേരള ഡിറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസസ്) സി.ഡി.സി, ഡബ്ല്യു.എച്ച്.ഒ വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്.
3. കൊവിഡ് - 19 ന് മരുന്നോ വാക്‌സിനോ പ്രതിരോധമോ ഇന്നേ വരെ കണ്ടെത്തിയിട്ടില്ല, അഥവാ കണ്ടെത്തിയാല്‍ ആരോഗ്യവകുപ്പ് അന്നേ ദിവസം ജനങ്ങളെ അറിയിച്ചിരിക്കും. ഇല്ലാത്ത ചികിത്സയെ പറ്റി അഭ്യൂഹങ്ങള്‍ പരത്തുന്നത് വലിയ തെറ്റാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

വാസ്തവം ഇപ്രകാരം


1. വെളുത്തുള്ളി, രസം, മദ്യം എന്നിവ ഫലപ്രദമല്ല
2. തൊണ്ട നനച്ചുകൊണ്ടിരുന്നാല്‍ യാതൊരു ഗുണവുമില്ല
3. ചൂടു കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ വൈറസ് വരില്ല എന്നുള്ളത് വ്യാജ പ്രചാരണമാണ്. കൊവിഡ് - 19 ധാരാളം കണ്ടു വരുന്ന സിംഗപ്പൂര്‍, മലേഷ്യ എന്നിവ കേരളത്തേക്കാള്‍ ചൂടുള്ള സ്ഥലങ്ങള്‍ ആണ് എന്നോര്‍ക്കുക
4. 'പ്രതിരോധം കൂട്ടാന്‍' ഒരു മരുന്നും ഇന്നേ വരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല, അവകാശവാദങ്ങള്‍ അനവധിയുണ്ടെങ്കിലും.
5. ചൈനയില്‍ നിന്നുമുള്ള പാക്കേജുകള്‍ കൈപ്പറ്റുന്നത് വൈറസ് ബാധ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല.
6. ആന്റിബയോട്ടിക്കുകള്‍ കൊറോണയ്ക്ക് ഫലപ്രദമല്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago