ബജറ്റ്: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലേക്ക്; തീരുമാനത്തിന് പരക്കെ പ്രശംസ
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം പ്രവാസ ലോകത്തെ സന്തോഷത്തിലാക്കി. മൃതദേഹം തൂക്കി നോക്കി കിലോക്ക് വില നിശ്ചയിച്ച നടപടി ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം അവസാനിപ്പിച്ചു നിശ്ചിത തുക ഏര്‍പ്പെടുത്തിയ നടപടിയും അനുചിതമല്ലെന്ന പ്രവാസികളുടെ പരാതിക്ക് തല്‍ക്കാലം ഒരാശ്വാസമാണ് കേരള സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന് കൊണ്ട് വരാന്‍ സാധ്യമാകുന്ന ഈ നടപടി കേരള സര്‍ക്കാര്‍ ബജറ്റവതരണത്തില്‍ ഉള്‍പ്പെടുത്തി നോര്‍ക്ക വഴി നടത്തിയ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിനുള്ള പ്രഹരം കൂടിയാണെന്നാണ് പ്രവാസികള്‍ കരുതുന്നത്. ഇന്നലെ പ്രവാസ ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചയും സര്‍കാരിന്റെ ഈ നടപടി തന്നെയായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കില്ലാത്ത ആനുകൂല്യവും പ്രത്യേകതയും മലയാളികള്‍ക്ക് ലഭിക്കുന്നുവെന്ന ഇതര സംസ്ഥാനക്കാരുടെ തമാശയായുള്ള സംസാരത്തെ ഒന്ന് കൂടി ശക്തിപ്പെടുത്തുന്നതായിരുന്നു ഈ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിനും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുന്ന ഈ നടപടി ഏറെ പ്രശംസനീയമാണെന്നും നാടിന്റെ വികസനത്തില്‍ കാതലായ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്കുള്ള അംഗീകാരമാണെന്നും വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. പ്രവാസിക്ഷേമപദ്ധതികള്‍ക്കും പ്രാധാന്യം നല്‍കിയ സംസ്ഥാന ബജറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഉണ്ടാക്കിയ സാന്ത്വനം പദ്ധതിയില്‍ 25 കോടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രവാസിസംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടിയും പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതി, ഈ വര്‍ഷം തുടങ്ങുന്ന കേരളബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ രൂപീകരിക്കല്‍, പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി, പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."