മധ്യപ്രദേശ് നാടകം രാജസ്ഥാനിലും അരങ്ങേറാം
പലതരം മുദ്രാവാക്യങ്ങളില്‍ ഒന്നായി മാത്രമേ ബി.ജെ.പി യുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിനെയും പരിഗണിച്ചിരുന്നുള്ളൂ. ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നിവ പോലെ. എന്നാല്‍ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഇത്ര പെട്ടെന്ന് പ്രാവര്‍ത്തികമാക്കുമെന്ന് ബി.ജെ.പി കരുതിയിട്ടുണ്ടാവില്ല. ആ അമ്പരപ്പിലാണിപ്പോള്‍ ബി.ജെ.പി നേതൃത്വം എന്നു വേണമെങ്കില്‍ പറയാം. അരുണാചല്‍ പ്രദേശില്‍ തുടങ്ങി മണിപ്പൂര്‍ വഴി ഗോവയിലും കര്‍ണാടകയിലും ഇപ്പോഴിതാ മധ്യപ്രദേശിലും കോണ്‍ഗ്രസ് മുക്ത ഭാരത മുദ്രാവാക്യം കോണ്‍ഗ്രസുകാര്‍ തന്നെ സഫലമാക്കിക്കൊണ്ടിരിക്കുന്നു. നാളെയത് രാജസ്ഥാനിലും എത്തിയേക്കാം. മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും കോണ്‍ഗ്രസിന് അടിത്തറയുണ്ട്. എന്നാല്‍ നേതാക്കള്‍ക്ക് അതില്ല.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനൊപ്പം തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ വടംവലി. ഒരുഭാഗത്ത് ജ്യോതിരാദിത്യ സിന്ധ്യയും മറുഭാഗത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനായ കമല്‍നാഥും. തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷമായി ഇവരുടെ ഏറ്റുമുട്ടലിനെ പരിമിതപ്പെടുത്താനാവില്ല. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം താല്‍കാലിക പ്രസിഡന്റായി അധികാരമേറ്റ സോണിയാ ഗാന്ധിക്കു പിന്നാലെ കോണ്‍ഗ്രസിലെ താപ്പാനകളും തലപൊക്കാന്‍ തുടങ്ങി. മധ്യപ്രദേശിന്റെ തനിയാവര്‍ത്തനമാണ് രാജസ്ഥാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അവിടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് തുടരുകയാണ്. രാഹുല്‍ ബ്രിഗേഡില്‍ അംഗമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെന്ന മധ്യപ്രദേശ് യുവരാജാവ്. രാഹുലില്‍ നിന്ന് സിന്ധ്യയെ അകറ്റുന്നതില്‍ തല്‍പരകക്ഷികള്‍ വിജയിച്ചു. ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിന്ധ്യ പരാജയപ്പെട്ടത് അവര്‍ പൊക്കിക്കൊണ്ടുവരികയും ചെയ്തു.
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മാസങ്ങള്‍ക്ക് മുന്‍പു തുടങ്ങിയ വടംവലി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. പണ്ടൊക്കെ ഏതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കലഹം തലപൊക്കിയാല്‍ ഹൈക്കമാന്റ് ഇടപെട്ട് മുതിര്‍ന്ന നേതാക്കളെ അയച്ച് അത് അമര്‍ച്ച ചെയ്യുമായിരുന്നു. എന്നാലിപ്പോള്‍ എല്ലാം കമല്‍നാഥ് ശരിയാക്കിക്കൊള്ളുമെന്ന അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് 19 എം.എല്‍.എമാര്‍ കമല്‍നാഥിനെതിരേ പരസ്യമായി രംഗത്തുവന്നത്. അവരെ അനുനയിപ്പിച്ചു കൊണ്ടുവന്നെങ്കിലും ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവരും അദ്ദേഹത്തോട് കൂറു പ്രഖ്യാപിച്ച് നിയമസഭാംഗത്വം രാജിവച്ചത്. ഇത്തരമൊരു പ്രതിസന്ധി കമല്‍നാഥ് ചോദിച്ചു വാങ്ങിയതാണ്. സിന്ധ്യ കോണ്‍ഗ്രസ് വിട്ടാലും മന്ത്രിസഭയ്‌ക്കൊന്നും പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചു. നേരത്തെ കേന്ദ്രമന്ത്രിയായിരുന്ന സിന്ധ്യയോട് അല്‍പം മാന്യത കാട്ടാമായിരുന്നു കമല്‍നാഥിന്. സിന്ധ്യ പോകുന്നെങ്കില്‍ പോകട്ടെ എന്ന കമല്‍നാഥിന്റെ ധാര്‍ഷ്ട്യമാണ് മധ്യപ്രദേശിലെ പ്രതിസന്ധിക്കു വഴിയൊരുക്കിയത്. ഇതു തന്നെ രാജസ്ഥാനിലും സംഭവിക്കാനിടയുണ്ട്. കോണ്‍ഗ്രസിന്റെ ചുമലില്‍ കയറിക്കൂടിയ കടല്‍ക്കിഴവന്മാരെ താഴെയിറക്കാതെ കോണ്‍ഗ്രസിന് നടുനിവര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.
പാര്‍ട്ടിക്ക് ഒരു പുതിയ നേതൃത്വമുണ്ടാകാന്‍ ഈ താപ്പാനകള്‍ സമ്മതിക്കുന്നുമില്ല. ബി.ജെ.പിയാകട്ടെ ഈ അവസരങ്ങള്‍ ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. വെറുതെ പറഞ്ഞ കോണ്‍ഗ്രസ് മുക്ത ഭാരതം പെട്ടെന്ന് യാഥാര്‍ഥ്യമാകുന്നുവല്ലൊ എന്ന ആഹ്ലാദത്തിലാണവര്‍. അതുകൊണ്ടാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഓപ്പറേഷന്‍ താമര എന്ന ഓമനപ്പേരിട്ട് അവര്‍ വല വീശിക്കൊണ്ടിരിക്കുന്നത്. നാളെ സിന്ധ്യ കേന്ദ്ര മന്ത്രിയായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഗോവയിലും കര്‍ണാടകയിലും പ്രതിസന്ധിയുണ്ടായപ്പോള്‍ തര്‍ക്കം പരിഹരിക്കുന്നതില്‍ വിദഗ്ധരല്ലാത്തവരെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. രാഹുലിന്റെ അടുപ്പക്കാര്‍ എന്ന ഒരൊറ്റ യോഗ്യത മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ.
കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം ത്യജിച്ചിട്ടു പോലും ഭരണം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. നീണ്ട 15 വര്‍ഷത്തിനു ശേഷമാണ് ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത്. രണ്ട് വര്‍ഷം പോലും തികയ്ക്കാന്‍ കമല്‍നാഥിനു കഴിയുമെന്നു തോന്നുന്നില്ല. ഒപ്പം രാജ്യത്തെ ജനകീയ പ്രശ്‌നങ്ങളില്‍ സക്രിയമായി ഇടപെടുന്നതില്‍ ആവശ്യമായ ശുഷ്‌കാന്തി കോണ്‍ഗ്രസിന് ഉണ്ടാകുന്നുമില്ല. ഡല്‍ഹി വംശഹത്യ കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ എത്തിയത്. കശ്മിരിനെ തടങ്കലില്‍ വച്ചതിനെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരേയും ക്രിയാത്മക സമരം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. സര്‍വപ്രതാപത്തോടെയും ഐശ്വര്യത്തോടെയും ഇന്ത്യ ഭരിച്ചിരുന്ന ഒരു കാലം ഇനി കോണ്‍ഗ്രസിന് ഓര്‍മ മാത്രമായിത്തീരുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."