മെഗാ ടൂറിസം പദ്ധതി നടപ്പാക്കുന്നതില്‍ അനാസ്ഥയെന്ന് ആക്ഷേപം
ആലപ്പുഴ: മെഗാ ടൂറിസം സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടായതായി കെ.സി വേണുഗോപാല്‍ എം.പി ആരോപിച്ചു.
അനിശ്ചിതമായി വൈകുന്ന പദ്ധതികള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കണമെന്നും മെഗാടൂറിസം പദ്ധതിയുടെ ജില്ലാതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എം.പി നിര്‍ദേശം നല്‍കി.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ഇടപെടലുകളുടെ കൂടി ഫലമായി ഈ പദ്ധതി അനുവദിപ്പിച്ചതെന്നും പൂര്‍ണമായും കേന്ദ്ര സഹായത്തോടെയുള്ള ഈ പദ്ധതി അനന്തമായി വൈകുന്നത് കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ നടക്കുന്ന മറ്റു പദ്ധതികളെയും ദോഷകരമായി ബാധിക്കുമെന്നും എം.പി പറഞ്ഞു. ജില്ലയുടെ ടൂറിസം വികസനത്തിന് വന്‍ കുതിപ്പേകുന്ന ഈ പദ്ധതി വൈകുന്നതില്‍ ഉദ്യോഗസ്ഥരെ എം പി അതൃപ്തി അറിയിച്ചു.
പദ്ധതി 85 ശതമാനത്തോളം പൂര്‍ത്തിയായാതായും ബാക്കി ഉടന്‍ പൂര്‍ത്തീകരിക്കാമെന്നും ടൂറിസം ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എം.പി യെ അറിയിച്ചു. ജില്ലയിലെ ജലഗതാഗത മാര്‍ഗ്ഗങ്ങളേയും ജലാശയങ്ങളേയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ ആരംഭിച്ച 21 പ്രൊജെക്ടുകളില്‍ രണ്ടെണ്ണം നേരത്തെ പൂര്‍ത്തിയായി.
ബാക്കിയുള്ളവയില്‍ രണ്ടെണ്ണമൊഴികെയുള്ളവ 85 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയതായതും 16 പദ്ധതികള്‍ ഏപ്രില്‍ 30 നുമുമ്പായി പൂര്‍ത്തിയാക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു .
ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള ഉള്‍നാടന്‍ ജലഗതാഗത പാതയിലെ 58 പഞ്ചായത്തുകളേയും 3 മുന്‍സിപ്പാലിറ്റികളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള മെഗാ ടൂറിസം പദ്ധതിക്ക് 52.25 കോടി രൂപയാണ് ചെലവ് . 7 ഹൗസ് ബോട്ട് ടെര്‍മിനലുകളും 2 നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകളും 4 മൈക്രോ ഡെസ്റ്റിനേഷനുകളും രണ്ട് ബീച്ചുകളുടെ നവീകരണവും ആലപ്പുഴ നഗരത്തിലെ രണ്ടു കനാലുകളുടെ വികസനവും ഒരു മലിനജല സംസ്‌കരണ പ്ലാന്റും ജില്ലയിലെ ടൂറിസം വികസനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അലപ്പുഴ നഗരത്തിലെ ടൂറിസം അനുബന്ധ അടിസ്ഥാന സൗകര്യ വികസനവുമാണ് മെഗാ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്.അരൂക്കുറ്റി (2.16 കോടി ), തണ്ണീര്‍മുക്കം(1.62 കോടി ), പള്ളാത്തുരുത്തി(95 ലക്ഷം), നെടുമുടി (96 ലക്ഷം),കഞ്ഞിപ്പാടം(32 ലക്ഷം), തോട്ടപ്പള്ളി(1.08 കോടി), കായംകുളം(7.83 കോടി) എന്നിവിടങ്ങളിലാണ് ഹൗസ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്നത്. ഇവയുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി.
വിജയ പാര്‍ക്കിന്റേയും സീവ്യൂ പാര്‍ക്കിന്റേയും നവീകരണം നേരത്തെ പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്വീവേജ് പ്ലാന്റിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ് .ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്, ഡി ടി പി സി അധികൃതര്‍ നിര്‍മാണ ഏജന്‍സികളായ കിറ്റ്‌കോ , കെ ഐ ഐ ഡി സി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."