റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കുഴല്‍കിണര്‍ കുഴിക്കല്‍ വ്യാപകം
ആലത്തൂര്‍: ജനുവരി മുതല്‍ മെയ് വരെ ജില്ലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കുഴല്‍ കിണര്‍ കുഴിക്കുന്നത് വ്യാപകമാവുന്നു. നിയമപരമായി അനുമതി വാങ്ങണമെന്നിരിക്കെ പലരും ഇത് ലംഘിച്ചാണ് കുഴല്‍ കിണര്‍ കുഴിക്കുന്നത്.
വരള്‍ച്ചമൂലം ജില്ല വറുതിയിലിരിക്കെ അനിയന്ത്രിതമായുള്ള കുഴല്‍ കിണര്‍ നിര്‍മാണം നിലവിലുള്ള ജലസംഭരണികള്‍ പോലും വറ്റിപ്പോകാന്‍ കാരണമാകുന്നു. ഇതേ തുടര്‍ന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുഴിച്ച കുഴല്‍ കിണറുകളില്‍ പോലും വെള്ളം കയറുന്നില്ല.
ഭൂജല വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ആകെ 1637 കുഴല്‍ക്കിണറുകളാണുള്ളത്. ഇതില്‍ 1212 എണ്ണവും ഉപയോഗ ശൂന്യമാണ്. വാഷര്‍, ചെയിന്‍ തുടങ്ങി പലവിധ തകരാറുകള്‍ കുഴല്‍ കിണറുകള്‍ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വിശദമായ പരിശോധന നടത്തി ഫെബ്രുവരി മാസത്തിനകം ഇവ നന്നാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല.
ജലനിധി, വിവിധ കുടിവെള്ള പദ്ധതികളുടെ കുഴല്‍ കിണറുകള്‍ എന്നിവയുടെ 500 മീറ്ററിനു സമീപം കുഴല്‍ കിണര്‍ കുഴിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും പലയിടത്തും ലംഘിക്കപ്പെട്ടു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മാര്‍ച്ച് ഒന്നിനു ശേഷം അനധികൃതമായി കുഴിച്ച കുഴല്‍ കിണറുകള്‍ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിക്കു വേണ്ടി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായ ബൈജു വടക്കുംപുറം, സജീവ് തരൂര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."