വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
മാള: ഗ്രാമപഞ്ചായത്തിലെ മാരേക്കാട് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കോഴിഫാമിലെ മുന്നൂറോളം ഇറച്ചിക്കോഴികള്‍ ചത്തു. മാള ഗ്രാമപഞ്ചായത്തിലെ മാരേക്കാട് പ്രദേശത്ത് പാലക്കാടന്‍ സുഭാഷിന്റെ കോഴിഫാമില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
അഞ്ചോളം തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കോഴി ഷെഡ്ഡിന്റെ നെറ്റ് തകര്‍ത്താണ് അകത്ത് കടന്നത്. മൂന്ന് ഷെഡ്ഡുകളിലായി നാലായിരത്തോളം കോഴികളെയാണിവിടെ വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു ഷെഡ്ഡില്‍ കയറിയാണ് തെരുവ് നായ്ക്കള്‍ മുന്നൂറോളം കോഴികളെ കടിച്ചു കൊന്നതും കുറേയെണ്ണത്തിനെ മൃതപ്രായമാക്കിയതും. പതിനഞ്ചായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. വില്‍പനക്ക് പിടിക്കാറായതും 35 ദിവസം വളര്‍ച്ചയെത്തിയതുമായ കോഴികളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. രാത്രി നായ്ക്കളുടെ ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് തെരുവ് നായ്ക്കള്‍ ഓടിയകന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. മുന്‍പും സുഭാഷിന്റെ കോഴിഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
വീട്ടില്‍ നിന്നും അറുപത് മീറ്ററോളം അകലത്തിലാണ് മൂന്ന് കോഴി ഷെഡ്ഡുകളും സ്ഥിതിചെയ്യുന്നത്. മാരേക്കാട് ഒരു മാസം മുന്‍പ് ആടുകള്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. രാത്രികാലങ്ങളില്‍ റോഡില്‍ കൂട്ടം കൂടി അലയുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്നാണ് ആളുകള്‍ യാത്ര ചെയ്യുന്നത്.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പകലും രാത്രിയും വലിയ തോതിലുള്ള ശല്ല്യമാണ് ജനങ്ങള്‍ക്കുണ്ടാവുന്നത്. രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."