ഗോളടിക്കാതെ ജര്‍മനിയും പോളണ്ടും പിരിഞ്ഞു
പാരിസ്: ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് പോളിഷ് നിര കത്രികപൂട്ടിട്ടു. കരുത്തരായ ജര്‍മനിയെ പോളണ്ട് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഈ യൂറോയിലെ ആദ്യ ഗോള്‍രഹിത സമനിലയായ മത്സരമായും ജര്‍മനി പോളണ്ട് പോരാട്ടം മാറി. ഇരു ടീമിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. 69.2 ശതമാനം പന്തു കൈവശം വച്ചതും മികച്ച പാസുകളുമായി കളി നിയന്ത്രിച്ചതും എല്ലാം ജര്‍മനിയായിരുന്നു. എന്നാല്‍ ഗോളടിക്കാന്‍ മാത്രം അവര്‍ക്കു സാധിച്ചില്ല. മറു ഭാഗത്ത് കൗണ്ടര്‍ അറ്റാക്കുകളും മിന്നല്‍ ആക്രമണവുമായി നായകന്‍ റോബര്‍ട്ടോ ലെവന്‍ഡേസ്‌കിയുടെ നേതൃത്വത്തിലുള്ള പോളിഷ് പട നിറഞ്ഞെങ്കിലും അവര്‍ക്കും വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. ഗോളിനടുത്തെത്തിയ രണ്ട് മികച്ച അവസരങ്ങള്‍ പോലും പോളിഷ് പടയ്ക്കു മുന്നില്‍ തുറന്നു കിട്ടിയെങ്കിലും ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടി അവിശ്വസനീയമാം വിധം അതെല്ലാം അവസാനിച്ചു.
ആദ്യ മത്സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം ഇരു ടീമുകളുടേയും തുടക്കത്തിലുള്ള പ്രകടനത്തില്‍ നിഴലിച്ചു. ജര്‍മനി 1-3-2-4 ശൈലിയിലും പോളണ്ട് 2-2-2-4 രീതിയിലുമാണ് കളിച്ചത്. ജര്‍മനിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിങ്ങുകളില്‍ ജോനാസ് ഹെക്ടര്‍, തോമസ് മുള്ളര്‍ മധ്യനിരയില്‍ ടോണി ക്രൂസ്, സമി ഖെദീര, മെസുറ്റ് ഓസില്‍ എന്നിവരും അണിനിരുന്നു. മരിയോ ഗോട്‌സെയായിരുന്നു സ്‌ട്രൈക്കര്‍. ജെറോ ബോട്ടെങിനൊപ്പം പ്രതിരോധത്തില്‍ മാറ്റ് ഹമ്മല്‍സ് ഇത്തവണ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മുള്ളറും ഗോട്‌സെയും ഓസിലുമെല്ലാം മുന്നേറാന്‍ ശ്രമിച്ചെങ്കിലും പോളിഷ് പ്രതിരോധത്തെ ഭേദിക്കാനാവാതെ പോയി. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച പോളണ്ട് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി ആക്രമണം കടുപ്പിച്ചതോടെ ജര്‍മന്‍ നിരയില്‍ സമ്മര്‍ദം രൂപപ്പെട്ടു. പോളിഷ് താരങ്ങളായ ഗ്രെഗ് ക്രിച്ചോവികും മിലികും ജര്‍മനിക്കു തലവേദന സൃഷ്ടിച്ചു. ഇടയ്ക്ക് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ആക്രമണവുമായി കുതിച്ചു. ജര്‍മന്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പോളണ്ട് പടയ്ക്ക് കഴിഞ്ഞെങ്കിലും ബോട്ടെങിന്റെ രക്ഷപ്പെടുത്തലുകള്‍ ജര്‍മനിയെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചു നിര്‍ത്തി. ഗോള്‍ നേടാന്‍ മിലികിനു തളികയിലെന്ന വണ്ണം മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.
രണ്ടാം പകുതിയില്‍ ഗോട്‌സയെ പിന്‍വലിച്ച് ഷുര്‍ലെയേയും ഹെക്ടറെ പിന്‍വലിച്ച് മരിയോ ഗോമസിനേയും ജര്‍മനി കളത്തിലിറക്കിയെങ്കിലും കാര്യമായ മാറ്റം കളിയില്‍ കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോളണ്ടിനും മറുഭാഗത്ത് ജര്‍മനിക്കും മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോഴും ലക്ഷ്യം മാത്രം അകന്നു നിന്നു. പിന്നീട് കളി വിരസമായി തീര്‍ന്നു. അവസാന നിമിഷങ്ങളിലും ഇരു പക്ഷവും ഗോളിനായുള്ള ശ്രമം പല വിധത്തില്‍ നടത്തിയെങ്കിലും അതെല്ലാം വെറുതെയായി. ഗോള്‍രഹിത സമനില വഴങ്ങിയതോടെ ഇരു ടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമായി. ജര്‍മനിക്ക് ഉത്തര അയര്‍ലന്‍ഡും പോളണ്ടിനു ഉക്രൈനുമാണ് എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."