ചേളാരി ഐ.ഒ.സി ലോറി തൊഴിലാളി സമരം അവസാനിച്ചു; പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചക വാതക ഫില്ലിംഗ് പ്ലാന്റിലെ ലോറി തൊഴിലാളികള്‍ നടത്തിവന്നിരുന്ന പണിമുടക്ക് ഒത്ത് തീര്‍ന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് മുതല്‍ പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. പണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ചയിലെ രാവിലത്തെ ഷിഫ്റ്റ് പൂര്‍ണമായും മുടങ്ങിയിരുന്നു. ലോഡിങ് വിഭാഗത്തില്‍ എട്ടുപേര്‍ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്.
പ്ലാന്റ് സീനിയര്‍ മാനേജര്‍ എസ്.ശിവകുമാറിന്റെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കരാറുകാരുടെ പ്രതിനിധികള്‍, ഏജന്‍സി പ്രതിനിധികള്‍ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ചര്‍ച്ചയില്‍ സീനിയര്‍ മാനേജര്‍ക്ക് പുറമേ മാനേജര്‍ എസ്.ലക്ഷമീപതി, തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ.ഗോവിന്ദന് കുട്ടി, കണ്ണന് (സി.ഐ.ടി.യു.), സി.കെ.ഹരിദാസന് (ഐ.എന്‍.ടി.യു.സി.), എം.ദിവാകരന്, എം.ഗണേശന്, ( ബി.എം.എസ്.), ലോറി കരാറുകാരുടെ പ്രതിനിധികളായ വി.കൃഷണന്, ബിജു മാത്യു, ഏജന്‍സികളുടെ പ്രതിനിധി ഹാഫിസ് എന്നിവര്‍ പങ്കെടുത്തു. രണ്ടര ദിവസം പ്ലാന്റ് പ്രവര്‍ത്തനം സ്തംഭിച്ചതിനെ തുടര്‍ന്ന് മലബാറിലെ ഏജന്‍സികള്‍ക്ക് വിതരണത്തിന്ന് നല്‍കേണ്ട 80000 സിലിണ്ടറുകളുടെ കുറവാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."