പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു
2017 സെപ്റ്റംബര്‍ പതിനാലിനാണ് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടുത്തുള്ള കാടുമൂടിയ പ്രദേശത്ത് നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട്: രണ്ടര വര്‍ഷം മുന്‍പ് കോഴിക്കോട് പറമ്പില്‍ ബസാറിലെ പോലൂരിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് ക്രൈംബ്രാഞ്ച്. ഐ.ജി ജയരാജാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മൃതദേഹം കത്തിക്കുന്നതിന് രണ്ട് ദിവസം മുന്‍പ്തന്നെ ആളെ കൊലപ്പെടുത്തിയിരുന്നു എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്നും ഐ.ജി വ്യക്തമാക്കി. മരിച്ചയാളെകുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ മൃതദേഹം പറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. 2017 സെപ്റ്റംബര്‍ പതിനാലിനാണ് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടുത്തുള്ള കാടുമൂടിയ പ്രദേശത്ത് നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര്‍ പൊലിസ് അന്വേഷണം തുടങ്ങി.
ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൃതദേഹം കൊണ്ടുവന്നിട്ടത് പോലൂര്‍ പറമ്പില്‍ ബസാര്‍ ഭാഗത്തുള്ള ചിലരെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഉറപ്പ് വരുത്തിയ ശേഷം മാത്രം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൃതദേഹം സംസ്‌കരിച്ച വെസ്റ്റ്ഹില്‍ ശ്മാശനത്തില്‍ തഹസില്‍ദാര്‍ ശാലിനിയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. പൊതു ശ്മശാനത്തില്‍ എവിടെയാണ് മൃതദേഹം അടക്കിയതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഫോറന്‍സിക് വിഭാഗം അസി.പ്രൊഫസര്‍ പ്രജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. മൃതദേഹം സംസ്‌കരിച്ച സ്ഥലം സ്ഥിരീകരിച്ച ശേഷം തലയോട്ടി പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തും. ഇന്നലെ രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്.വൈകീട്ടും കൃത്യമായ സ്ഥലം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനോയ്, കേസ് അന്വേഷിക്കുന്ന എസ്.ഐമാരായ പി.ജിതേഷ്, ആര്‍.ബിജു എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."