കുന്നംകുളത്തെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും
കുന്നംകുളം: പതിറ്റാണ്ടുകളായി നഗരത്തിന്റെ സ്വപന പദ്ധതിയായി ഫയലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന കുന്നംകുളത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനു തീരുമാനമായി.
നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി നഗരസഭ കരാര്‍ ഒപ്പിട്ടു. 90000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഷോപിങ് കോപ്ലക്‌സും ബസ് സ്റ്റാന്‍ഡ് ടെര്‍മിനലും ഒന്‍പതു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭക്കു കൈമാറുമെന്നാണ് കരാര്‍.
15 വര്‍ഷം മുന്‍പ് ആരംഭിച്ച ബസ് സ്റ്റാന്‍ഡ് നിര്‍മാണവും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കും ഇതോടെ ശാശ്വത പരിഹാരമാവുകയാണ്.
മുന്‍പ് നഗരസഭ നേരിട്ട് നിര്‍മിക്കാന്‍ തീരുമാനിച്ച ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിച്ചതിന് ശേഷമാണ് കരാറുകാരനുമായി തര്‍ക്കമുണ്ടായത്. പിന്നീട് നിയമ നടപടികളും വ്യവഹാരങ്ങളുമായി വര്‍ഷങ്ങള്‍ കടന്നു പോയി.
ഒടുവില്‍ ബി.ഒ.ടി അടിസ്ഥാനത്തിലും പിന്നീട് പി.പി.പിയുമായും നിര്‍മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും അതു പ്രാവര്‍ത്തികമായില്ല. ഒടുവില്‍ എ.സി മൊയ്തീന്‍ നഗരത്തിന്റെ പ്രതിനിധിയായി എത്തിയതോടെയാണ് ബസ് സ്റ്റാന്‍ഡ് എന്ന സ്വപനത്തിനു വീണ്ടും ചിറകു മുളച്ചത്. എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 4.35 കോടി രൂപ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണം ആരംഭിക്കുമെന്നായിരുന്നു നവംബറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ പറഞ്ഞിരുന്നത്. എന്നാല്‍, സാങ്കേതിക അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ മന്ത്രി വീണ്ടും ഇടപെടല്‍ നടത്തിയാണ് ടി.എസ് നേടിയെടുത്തത്. 2019 സെപ്റ്റബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് ഭരണ സമതി നല്‍കുന്ന ഉറപ്പ്.
ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്റെ ചേമ്പറില്‍ നഗരസഭ സെക്രട്ടറി മനോജ്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അസി. മാനേജര്‍ ഫാരിസ്, എ റസാഖ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
പ്രൊജക്റ്റ് എന്‍ജിനീയര്‍ മധു പാറയില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, മന്ത്രി എ.സി മൊയ്തീന്റെ മണ്ഡലത്തിലെ പ്രതിനിധിയായ ടി.കെ വാസു, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."