നമുക്ക് നന്മകള്‍ കാണാം
ഭാര്യ എഴുതി:
''എന്റെ ഭര്‍ത്താവിന് ഇന്നേക്ക് അറുപതു തികയുന്നു. അദ്ദേഹത്തിന്റെ താടിയും മുടിയുമെല്ലാം നരച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വലിയൊരു ഓപറേഷനു വിധേയനായത്. അതിനുശേഷം മാസങ്ങളോളം കിടന്നിടത്തുതന്നെ. അതിന്റെ പേരില്‍ എനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നു. വീടുവിട്ട് ഒരിടത്തേക്കും പോകാന്‍ കഴിയാത്ത സ്ഥിതി. ഏതു സമയവും ഭര്‍ത്താവിന് കൂട്ട് വേണമായിരുന്നു. അതിനിടെയാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായത്. സ്‌കൂള്‍ വിട്ട് മടങ്ങിവരുന്ന വഴിയേ വാഹനപകടത്തില്‍ പെട്ട് മകന് മാരകമായ പരുക്കുകള്‍ പറ്റി. അതുകഴിഞ്ഞ് ഒരു മാസമായിട്ടുണ്ടാകില്ല. അപ്പോഴാണ് പിതാവിന്റെ മരണവും സംഭവിക്കുന്നത്. ഹൊ! പോയ വര്‍ഷം എത്ര ദുരിതപൂര്‍ണം..!''
ഭര്‍ത്താവ് എഴുതി:
''ദൈവത്തിനു സ്തുതി..! ജനിച്ചിട്ട് അറുപതു വര്‍ഷം തികയുന്നു. ഇത്രയും വര്‍ഷം ജീവിക്കാന്‍ അവന്‍ അവസരം തന്നല്ലോ.. വര്‍ഷങ്ങളോളമായി അനുഭവിച്ചുകൊണ്ടിരുന്ന മാരകമായ ഒരസുഖം കഴിഞ്ഞ വര്‍ഷമാണ് ഓപറേഷന്‍ വഴി ഭേദമായത്. ജരാനരകള്‍ വന്നിട്ടുണ്ടെങ്കിലും ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഓപറേഷന്‍ കഴിഞ്ഞ് അല്‍പകാലം കിടപ്പിലായപ്പോള്‍ വല്ലാതെ കഷ്ടപ്പെടേണ്ടിവന്നില്ല.. കൂട്ടിനുനില്‍ക്കാന്‍ സന്മനസുള്ള ഒരു ഭാര്യ വലിയൊരു മുതല്‍ക്കൂട്ടായി. അവള്‍ എന്നെ സദാ നേരവും പരിചരിച്ചു. അവളുടെ വിലയും നിലയും അപ്പോഴാണ് ശരിക്കും മനസിലായത്. എന്റെ മകന്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ട വര്‍ഷം കൂടിയായിരുന്നു ഇക്കഴിഞ്ഞത്. തൊണ്ണൂറ്റിയഞ്ചു വയസുവരെ ജീവിച്ച എന്റെ പിതാവ് മരണപ്പെട്ടതും കഴിഞ്ഞ വര്‍ഷം തന്നെ. അദ്ദേഹം ആരെയും ബുദ്ധിമുട്ടിച്ചില്ല. മരണം വരെ ആര്‍ക്കും അദ്ദേഹത്തെകൊണ്ട് ബുദ്ധിമുട്ടുണ്ടായതുമില്ല. ശാന്തനായി ജീവിച്ചു, ശാന്തനായി മരിക്കുകയും ചെയ്തു. ഹൊ! പോയ വര്‍ഷം എത്ര അനുഗ്രഹീതം..!''
കാഴ്ച ഒന്നാകാമെങ്കിലും കാഴ്ചപ്പാടുകള്‍ ഒന്നായിരിക്കില്ല. അനുഭവങ്ങള്‍ ഒന്നായിരിക്കുമെങ്കിലും മനോഭാവങ്ങള്‍ ഓരോന്നായിരിക്കും. ഒരാള്‍ 'എന്തൊരു കഷ്ടം..!' എന്നു പറയുന്ന അതേ കാര്യത്തെ സംബന്ധിച്ചായിരിക്കും മറ്റൊരാള്‍ 'എന്തൊരനുഗ്രഹം!' എന്നു പറയുക. ഒരാള്‍ 'ഹാവൂ, രക്ഷപ്പെട്ടു' എന്നു പറയുമ്പോള്‍ അതേ അനുഭവമുണ്ടായ മറ്റൊരാള്‍ 'ഹൊ! കഷ്ടപ്പെട്ടു' എന്നു പറഞ്ഞേക്കും. കാഴ്ചകള്‍ക്കല്ല, കാഴ്ചപ്പാടുകള്‍ക്കാണു കുഴപ്പം. സാഹചര്യങ്ങള്‍ക്കല്ല, സമീപനങ്ങള്‍ക്കാണു കുഴപ്പം. റോസാ ചെടിയിലെ മുള്ളുകള്‍ക്കല്ല, റോസാ പൂവിനെ കാണാന്‍ കഴിയാത്ത കണ്ണിനാണു കുഴപ്പം.
സാഹചര്യങ്ങളെ നിയന്ത്രിക്കാനാകില്ല. അതു പല വിധത്തിലേക്കും മാറിമറിയും. ഒരിക്കല്‍ അത് സന്തോഷദായകമാണെങ്കില്‍ മറ്റൊരിക്കല്‍ ദുഃഖദായകമായിരിക്കും. എന്നാല്‍ ഏതു സാഹചര്യത്തിലും സമീപനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്. സമീപനം നന്നായാല്‍ പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കിയെടുക്കാം. സമീപനം കേടായാല്‍ അനുകൂല സാഹചര്യം പോലും പ്രതികൂലമായി ഭവിക്കും.
രണ്ടു കണ്ണുകളാണു ഓരോരുത്തര്‍ക്കുമുള്ളത്. എന്നാല്‍ രണ്ടു കണ്ണിലൂടെയും കാണുന്നത് രണ്ടല്ല, ഒന്നുതന്നെയാണ്. പ്രയാസങ്ങളെയും ആശ്വാസങ്ങളെയും ഒരുപോലെ കാണാന്‍ കഴിയണം. മനസില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് എന്തിലും നന്മ കാണാന്‍ കഴിയും. അത്തരക്കാര്‍ക്കാണ് ഏതനുഭവങ്ങളിലും പിടിച്ചുനില്‍ക്കാന്‍ കഴിയുക. ജീവിതം മുഴുവന്‍ അവര്‍ക്ക് സന്തോഷകാലമായിരിക്കും.
നാളെ ഞാന്‍ തൂക്കിലേറ്റപ്പെടാന്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ മാതാവ് മകനോട് പറഞ്ഞു: ''എങ്കില്‍ ഇന്ന് നീ നിന്റെ ജന്മദിനം പോലെ ആഘോഷിച്ചോളൂ.. ഇനി അതിനൊരവസരം ഉണ്ടാകില്ല.''
കിട്ടുന്ന അവസരങ്ങളെ മുഴുവന്‍ സന്തോഷങ്ങള്‍ക്കായി വിനിയോഗിക്കുക. അതിനെ ദുഃഖങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ സന്തോഷിക്കാന്‍ എവിടെ അവസരം കിട്ടും..?
എന്തൊക്കെയാണുള്ളത് എന്ന ചിന്ത എന്തൊക്കെയാണ് ഇല്ലാത്തതെന്ന ചിന്തയെ ഇല്ലാതാക്കും. പിടികൂടാനായി ശത്രുക്കള്‍ നാടാകെ റോന്തു ചുറ്റുന്ന സന്ദര്‍ഭം.. പ്രവാചക തിരുമേനിയും സിദ്ധീഖുല്‍ അക്ബറും ഥൗര്‍ ഗുഹയില്‍ ഒളിച്ചുനില്‍ക്കുന്നു... വിഹ്വലചിത്തനായി നില്‍ക്കുന്ന സിദ്ധീഖിനോട് തിരുമേനി പറഞ്ഞു: ''ദുഃഖിക്കേണ്ട; അല്ലാഹു നമ്മുടെ കൂടെയുണ്ട്, തീര്‍ച്ച.''
ഉള്ളത് ചിന്തിച്ചപ്പോള്‍ ഭയം നീങ്ങി, ആശ്വാസം കൈവന്നു.
വേദനയില്ലാത്ത പ്രസവമുണ്ടാകില്ല. എന്നാല്‍ ആ വേദനാനിമിഷമാണ് സ്ത്രീയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന മുഹൂര്‍ത്തം. വേദനകള്‍ പലതും സമ്മാനിക്കുന്നുണ്ടെന്നറിയണം. അതിനു വേദന മാത്രം ശ്രദ്ധിച്ചാല്‍ പോരാ, വേദന വഴി ലഭ്യമാകുന്ന നന്മകള്‍ കാണാന്‍ കഴിയണം.
പതിനാലാം രാവിന്റെ സൗന്ദര്യം രാത്രിയില്ലാതെ ആസ്വദിക്കാനാകില്ല. തേനിന്റെ മാധുര്യം തേനീച്ചയുടെ ദംശനത്തിലാണ് രുചിക്കാനാവുക. ഇറക്കത്തിന്റെ ആശ്വാസം കയറ്റത്തിന്റെ പ്രയാസത്തിലേ അനുഭവിക്കാനാകൂ. ശീതമാരുതന്റെ സ്‌നേഹസ്പര്‍ശം കഠിനതാപത്തിലാണു തിരിച്ചറിയുക. വിശ്രമത്തിന്റെ സുഖം ശ്രമത്തിന്റെ പിന്നിലാണിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."