കളിയില്‍ കരുതല്‍; രാജ്യത്ത് ഫുട്‌ബോളും ക്രിക്കറ്റും നിര്‍ത്തിവച്ചു
ഐ ലീഗിനും കുരുക്ക്
മത്സരങ്ങളെല്ലാം മാറ്റി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ഐ ലീഗ് ഉള്‍പ്പെടെയുള്ള എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും നിര്‍ത്തിവച്ച് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഔദ്യോഗിക സമിതിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്). ഇതില്‍ ഐ ലീഗിനാണ് കൂടുതല്‍ ആഘാതമേറ്റത്.
ഇന്ന് കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന ഗോകുലത്തിന്റെ മത്സരവും ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള കൊല്‍ക്കത്തന്‍ ഡര്‍ബിയും ഉള്‍പ്പെടും.
ഇന്ന് മുതല്‍ 31 വരെയുള്ള മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. ഇന്നലെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡ് ഡിവിഷന്‍ ടൂര്‍ണമെന്റ്, യൂത്ത് ലീഗ് ടൂര്‍ണമെന്റ്, ഗോള്‍ഡന്‍ ബേബി ലീഗ് തുടങ്ങി ഇന്ത്യയില്‍ നടക്കാനിരുന്ന എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവയ്ക്കാനും നിര്‍ദേശമുണ്ട്. നേരത്തേ ഐ.എസ്.എല്‍ ഫൈനല്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്ത് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.
രണ്ട് ദിവസം മുന്‍പാണ് കൊവിഡിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ ഒരുമിക്കുന്നത് തടയാന്‍ വേണ്ടി ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്ത് നടത്താന്‍ ഫുട്‌ബോള്‍ അധിതൃതര്‍ നിര്‍ബന്ധിതരായത്.
പിന്നാലെ ഇന്നലെയാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. നിലവില്‍ 128 രാജ്യങ്ങളില്‍ നിന്നായി 5500ഓളം പേരാണ് കൊറോണ മൂലം മരണമടഞ്ഞത്.
ആസ്‌ത്രേലിയ- ന്യൂസിലന്‍ഡ്
പരമ്പര മാറ്റിവച്ചു
സിഡ്‌നി: കൊവിഡ് ഭീതിയെ തുടര്‍ന്ന് ന്യൂസിലന്‍ഡും ആസ്‌ത്രേലിയയും തമ്മില്‍ നടക്കേണ്ടിയിരുന്ന പരമ്പര മാറ്റിവച്ചു. ന്യൂസിലന്‍ഡില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെയാണ് പരമ്പര മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ ന്യൂസിലന്‍ഡില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന ടി20 പരമ്പരയും മാറ്റിവച്ചിട്ടുണ്ട്.
നേരത്തേ ആദ്യ മത്സരം സിഡ്‌നിയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരമ്പര മാറ്റിവച്ചിരിക്കുന്നത്.
വിദേശത്തു നിന്ന് ന്യൂസിലന്‍ഡില്‍ എത്തുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ 14 ദിവസത്തെ സ്വയം നീരീക്ഷണം നിര്‍ബന്ധമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ആസ്‌ത്രേലിയയിലുള്ള താരങ്ങളെ എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഖ്യാപനമാണ് പരമ്പയുടെ അനിശ്ചിതത്വത്തിന് വഴിയൊരുങ്ങിയത്. ഇതോടെ പര്യടനം മതിയാക്കി ടീം നാട്ടിലേക്ക് മടങ്ങി.
ക്രിക്കറ്റ് വേണ്ടെന്ന് ബി.സി.സി.ഐ
മുംബൈ: കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഫുട്‌ബോള്‍ മത്സരങ്ങള്‍ പിന്‍വലിച്ചതിന് പുറമേയാണ് എല്ലാ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളും റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം നടക്കാനിരുന്ന ഇറാനി കപ്പാണ് ഇതില്‍ പ്രധാനം. കൂടാതെ, സീനിയര്‍ വനിതകളുടെ ഏകദിന നോക്കൗട്ട്, വിസ്സി ട്രോഫി, സീനിയര്‍ വനിതകളുടെ ഏകദിന ചാലഞ്ചര്‍, വനിതകളുടെ അണ്ടര്‍19 ഏകദിന നോക്കൗട്ട്, വനിതകളുടെ അണ്ടര്‍19 ടി20 ലീഗ്, സൂപ്പര്‍ ലീഗും നോക്കൗട്ടും, വനിതകളുടെ അണ്ടര്‍ 19 ടി20 ചാലഞ്ചര്‍ ട്രോഫി, വനിതകളുടെ അണ്ടര്‍ 23 നോക്കൗട്ട്, വനിതകളുടെ അണ്ടര്‍ 23 ഏകദിന ചാലഞ്ചര്‍ തുടങ്ങിയ ടൂര്‍ണമെന്റുകളും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നിര്‍ത്തി വച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങള്‍ കഴിഞ്ഞ ദിവസം ബി.സി.സി.ഐ റദ്ദാക്കിയിരുന്നു. കൂടാതെ മാര്‍ച്ച് 29ന് ആരംഭിക്കാനിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങുമോയെന്ന കാര്യം ഉറപ്പില്ല. ഏപ്രില്‍ 15ന് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തവണ ഐ.പി.എല്‍ റദ്ദാക്കേണ്ടി വരുമെന്ന് ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഏപ്രിലില്‍ ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം ഏപ്രില്‍ 10ഓടെ തന്നെ തീരുമാനമാവും.
ഭാവി മത്സരക്രമം ജനങ്ങളുടെ സുരക്ഷ
മുന്‍നിര്‍ത്തി തീരുമാനിക്കും: ബി.സി.സി.ഐ
കൊവിഡ് പശ്ചാത്തലത്തില്‍, രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയായിരിക്കും വരാനിരിക്കുന്ന ഐ.പി.എല്ലിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് ബി.സി.സി.ഐ സമിതി. ഇന്നലെ ഐ.പി.എല്‍ ആസ്ഥാനമായ മുംബൈയില്‍ ഫ്രാഞ്ചൈസി ഉടമകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി.സി.സി.ഐ ഇക്കാര്യം പറഞ്ഞത്. ഐ.പി.എല്‍ പ്രേമികളുടെ താല്‍പര്യം പ്രകടിപ്പിച്ച് മാത്രമേ ടൂര്‍ണമെന്റ് നിശ്ചയിക്കൂവെന്നും ബി.സി.സിഐ എടുക്കുന്ന തീരുമാനം എന്താണോ അത് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ പാലിക്കുമെന്നും സൗരവ് ഗാംഗുലി ചെയര്‍മാനായ ബി.സി.സി.ഐ സമിതി വ്യക്തമാക്കി.
ഈ മാസം 29ന് നടക്കേണ്ടിയിരുന്ന ഐ.പി.എല്‍ സീസണ്‍ നിലവില്‍ അടുത്ത മാസം 15ലേക്ക് മാറ്റിയിരുന്നു. നേരത്തെ, അടഞ്ഞ സ്‌റ്റേഡിയങ്ങളില്‍ വെച്ച് ഐ.പി.എല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടത്താനാണ് ബി.സി.സി.ഐ ആലോചിച്ചത്. പക്ഷേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കൊറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള വിസയെല്ലാം കേന്ദ്രം റദ്ദു ചെയ്യുകയാണുണ്ടായത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 15 വരെ വിസാ വിലക്ക് നിലനില്‍ക്കും. ഈ പശ്ചാത്തലത്തില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ നിര്‍വാഹമില്ല.
കൊവിഡ് ഭീതിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ബോര്‍ഡ് റദ്ദാക്കിയത്. നേരത്തെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനം മഴ കാരണം നഷ്ടപ്പെട്ടിരുന്നു. ധര്‍മ്മശാലയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചും മത്സരം കാണാന്‍ ആളുകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."