പക്ഷിപ്പനി: പരപ്പനങ്ങാടിയില്‍ പക്ഷികളെ കൊന്നൊടുക്കല്‍ തുടങ്ങി
പരപ്പനങ്ങാടി: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാലത്തിങ്ങലില്‍ പക്ഷികളെ കൊന്നൊടുക്കല്‍ തുടങ്ങി. കോഴികളെയും താറാവുകളെയും മറ്റു വളര്‍ത്തു പക്ഷികളെയുമാണ് കൊല്ലുന്നത്.
ആദ്യഘട്ടത്തില്‍ പരപ്പനങ്ങാടിയിലെ 15,17,18,19 വാര്‍ഡുകളിലെ കോഴികളെയും വളര്‍ത്ത് പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികളാണ് ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലത്തിങ്ങല്‍ 16 -ാം ഡിവിഷനിലെ ഒരു വീട്ടിലെ കൂട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളില്‍ പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്. കോഴികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ പരിശോധന കേന്ദ്രത്തില്‍ അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
രോഗബാധ കണ്ടെത്തിയ പാലത്തിങ്ങല്‍ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. നാല് ദിവസത്തിനകം കൊന്നൊടുക്കല്‍ പൂര്‍ത്തിയാക്കും. കോഴികളുടേത് ഉള്‍പ്പെടെയുള്ളവയുടെ കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എന്നിവയും നശിപ്പിക്കുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് പേരടങ്ങുന്ന 10 റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് പക്ഷികളെ കൊല്ലുന്നത്.
20 വെറ്ററിനറി സര്‍ജന്‍മാര്‍, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നഗരസഭാ ജീവനക്കാരും കൗണ്‍സിലര്‍മാരും ഇവരോടൊപ്പം സഹായത്തിനുണ്ട്.
4000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കൊല്ലുന്ന പക്ഷികളെ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നതിന് ഏഴ് പേരെ ഉള്‍ക്കൊള്ളുന്ന പത്ത് വാഹനങ്ങളും 10 ഗുഡ്‌സ് ഓട്ടോകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ചത്ത പക്ഷികളെ ചിറമംഗലത്തെ സര്‍ക്കാര്‍ കോക്കനട്ട് നഴ്‌സറിയില്‍ തയാറാക്കിയ കുഴികളില്‍ ഐവര്‍ മഠത്തിന്റെ നേതൃത്വത്തിലുളള സംഘം കത്തിച്ച് നശിപ്പിച്ചു. പരപ്പനങ്ങാടിയില്‍ ഇന്നും പക്ഷികളെ കൊല്ലുന്നത് തുടരും. മൂന്നിയൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളില്‍ നാളെ മുതല്‍ പക്ഷികളെ കൊല്ലുന്നത് ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."