കേരളവര്‍മ്മ വായനശാലയുടെ പഴയ കെട്ടിടം ജീര്‍ണാവസ്ഥയില്‍
വടക്കാഞ്ചേരി: നാടിന്റെ അക്ഷരവെളിച്ചമായ കേരള വര്‍മ്മ പൊതുവായനശാലയുടെ പഴയ കെട്ടിടം ദുര്‍ബലാസ്ഥയില്‍. കൊച്ചി രാജാവ് സൗജന്യമായി അനുവദിച്ച് നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച കെട്ടിടമാണ് കാലപ്പഴക്കം മൂലം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. 1947 ല്‍ അന്നത്തെ കൊച്ചി മഹാരാജാവ് പരിഷത്ത് തമ്പുരാനാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ആദ്യകാലത്ത് വായനശാല പ്രവര്‍ത്തിച്ചിരുന്നത് ഈ ഓടിട്ട കെട്ടിടത്തിലായിരുന്നെങ്കിലും ചുമരുകള്‍ വിണ്ട് കീറുകയും തേപ്പുകള്‍ അടര്‍ന്ന് വീഴുകയും ചെയ്തതിനെ തുടര്‍ന്ന് പതിനായിരകണക്കിന് അമൂല്യമായ പുസ്തകങ്ങള്‍ ഈ കെട്ടിടത്തിന് തൊട്ടു പുറകിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ഈ പ്രവര്‍ത്തനം നടന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അപ്പോഴും പഴയ കെട്ടിടം നിലനിര്‍ത്തുകയും ചെയ്തു നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് ഉതകുന്ന ഏതാനും ക്ലാസുകള്‍ നടത്തുന്നതിന് ഈ കെട്ടിടം സൗജന്യ നിരക്കില്‍ അനുവദിച്ച് നല്‍കിയിരുന്നെങ്കിലും കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയും കൂടുതല്‍ ദുര്‍ബലാവസ്ഥയിലാവുകയും ചെയ്തതോടെ ഈ ക്ലാസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഭരണ സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കെട്ടിടത്തിന്റെ ജനലും, വാതിലുകളുമൊക്കെ ചിതലെടുത്ത് നശിച്ചതോടെ സുരക്ഷ ഒട്ടും ഇല്ലാത്ത സ്ഥിതിയാണ്. പുതിയ കെട്ടിട നിര്‍മാണത്തിന് മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ 25 ലക്ഷം അനുവദിക്കുകയും ഭരണ സമിതി പാരമ്പര്യ പൈതൃക ശൈലിയില്‍ നാലു കെട്ട് മാതൃകയില്‍ കെട്ടിട നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഭരണസമിതി ഭാരവാഹികള്‍ പറയുന്നു. ജീര്‍ണാവസ്ഥയിലായ കെട്ടിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സര്‍ക്കാര്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഭാവി വാഗ്ദാനങ്ങളായ കുരുന്നുകളുടെ ജീവന്‍ വെച്ച് ഭാഗ്യ പരീക്ഷണം നടത്താനാവില്ല എന്നതിനാലാണ് താല്‍ക്കാലികമായി ക്ലാസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
അതിനിടെ ക്ലാസുകള്‍ നിര്‍ത്തിവെച്ച നടപടിക്കെതിരേ മാനവ സംസ്‌കൃതിയും, കെ.എസ്.യുവും രംഗത്തെത്തി. ജീര്‍ണാവസ്ഥയിലായ കെട്ടിടം ടാര്‍ പോളിന്‍ കെട്ടി സംരക്ഷിക്കുമെന്ന് വായനശാലാ സംരക്ഷണ സമിതി പത്ര കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ലൈബ്രറി കൗണ്‍സില്‍ അംഗം സുനില്‍ ലാലൂര്‍ വായനശാല സന്ദര്‍ശിച്ചു. നിര്‍ത്തി വെച്ച ക്ലാസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."