റിയാദ് അപകടം; ഹോട്ടലിനകത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
റിയാദ്: സഊദിയിൽ റെസ്റ്റോറന്റിനൻറെ മുൻഭാഗം തകർന്നു വീണു കായംകുളം സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60), തമിഴ്നാട് നാഗർകോവിൽ സ്വദേശി എന്നിവരാണ് മരിച്ചത്. തലസ്ഥാന നഗരിയായ റിയാദിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിൽ മലയാളിയും തമിഴ്‌നാട് സ്വദേശിയുമാണ് മരണപ്പെട്ടത്. റിയാദ് നഖത്തിന്റെ കിഴക്ക് ഭാഗമായ റൗദ്ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റോറന്റിന്റെ മുൻഭാഗമാണ് തകർന്നു വീണത്. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാർ സ്വദേശി അജയൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ കടയുടെ മുന്നിൽ നിൽക്കുമ്പോൾ കെട്ടിടത്തിന്റെ മുൻഭാഗം പൂർണ്ണമായും നിലം പൊത്തുകയായിരുന്നു. തകർന്നു വീണ പാരപ്പെറ്റ് റെസ്റ്റോറന്റിന്റെ ബോർഡ്, സൺഷെയ്ഡ് എന്നിവക്കടിയിൽപെട്ടാണ് ഇരുവരും മരണപ്പെട്ടത്. ഇതേ സമയം ഇവരുടെ സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ റിയാദ് ശുമൈസി കിംഗ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലത്തെ പ്രാതൽ കഴിക്കാനായി നിരവധിയാളുകളാണ് ഈ സമയം റെസ്റ്റോറന്റിൽ ഉണ്ടായിരുന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ പെട്ട ഇരുവരുടെയും മൃതുദേഹങ്ങൾ പോലീസെത്തിയാണ് ശുമേസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഇവിടെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് മരിച്ച അബ്ദുൽ അസീസ്. ഈ റെസ്റ്റോറന്റിലാണ് ഇദ്ദേഹം സ്ഥിരമായി പ്രാതലിനായി എത്തിയിരുന്നത്. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ: ആരിഫ്, ആഷിന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."