മഹാരാഷ്ട്രയില്‍ രോഗം അതിവേഗം പടരുന്നു
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗം അതിവേഗം പടരുന്നു. ഇന്നലെ മാത്രം 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 32 ആയി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പൂനെയില്‍ മാത്രം 15 രോഗികളാണുള്ളത്. മുംബൈയില്‍ അഞ്ചും നാഗ്പൂരില്‍ നാലും യവത്മാളില്‍ രണ്ടും പനവേല്‍, നവിമുംബൈ, കല്ല്യാണ്‍, അഹമ്മദ് നഗര്‍, താനെ എന്നിവിടങ്ങളില്‍ ഓരോ കേസും സ്ഥിരീകരിച്ചു. നൂറുകണക്കിന് പേരാണ് രോഗ ലക്ഷണങ്ങളോടെ സംസ്ഥാനത്താകെ ചികിത്സയിലുള്ളത്. നവി മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത് ഒരു ഫിലിപ്പൈന്‍സ് സ്വദേശിക്കാണ്. ബുല്‍ധാനയില്‍ രോഗലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ പരിശോധനാ ഫലം കിട്ടിയില്ല .
അതിനിടെ, അഹമ്മദ് നഗറില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള മൂന്ന് പേര്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. ഇവര്‍ക്കായി തിരച്ചില്‍ തുരുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, മാളുകള്‍ അടക്കം ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം അടച്ചു. സംഘം ചേര്‍ന്നുള്ള വിദേശ, ആഭ്യന്തര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് 31വരെ വിനോദസഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്കു കൊണ്ടുപോകരുതെന്നു ടൂര്‍ ഓപറേറ്റര്‍മാര്‍ക്കു പൊലിസ് നിര്‍ദേശം നല്‍കി. 144ാം വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയന്ത്രണം. എന്നാല്‍ ഇതു പൂര്‍ണമായ നിരോധനാജ്ഞ അല്ലെന്നു പൊലിസ് വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി 188 പ്രകാരം കേസടുക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."