കമല്‍നാഥിന് ഇന്ന് അഗ്നിപരീക്ഷ
ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേരുകയും 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ നിര്‍ദേശം നല്‍കിയിരുന്നു.
230 അംഗ അസംബ്ലിയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടുപേര്‍ മരിച്ചതോടെ സഭയിലെ ആകെ അംഗസംഖ്യ 228 ആയി കുറഞ്ഞു. ബി.ജെ.പിക്ക് 107 അംഗങ്ങളും ബി.എസ്.പിക്ക് രണ്ടംഗവും എസ്.പിക്ക് ഒരംഗവുമുണ്ട്. നാലുപേര്‍ സ്വതന്ത്രരാണ്. ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അതിനാല്‍ ബി.എസ്.പി, എസ്.പി, സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണകൂടി ചേര്‍ത്ത് 121 അംഗങ്ങളുടെ പിന്തുണയിലാണ് കമല്‍നാഥ് ഭരിച്ചിരുന്നത്.
രാജിവച്ച 22 പേരില്‍ ആറു മന്ത്രിമാരുടെ രാജി സ്വീകരിച്ചിട്ടുണ്ട്. അതോടെ കോണ്‍ഗ്രസ് അംഗ സംഖ്യ 108 ആയി കുറഞ്ഞു. മറ്റുള്ള ഏഴുപേരുടെ പിന്തുണ കൂടിയാവുമ്പോള്‍ 115 ആകും.
ബാക്കിയുള്ള 16 എം.എല്‍.എമാരുടെ രാജി കൂടി സ്വീകരിച്ചാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ 104 പേരുടെ പിന്തുണയാണ് വേണ്ടിവരിക. എന്നാല്‍ 95 പേരുടെ പിന്തുണ മാത്രമേ കമല്‍നാഥിന് നിലവിലുള്ളൂ. മറ്റു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും നിലപാട് നിര്‍ണായകമാവും. രാജിക്കത്ത് നല്‍കിയ വിമത എം.എല്‍.എമാരുടെ നിലപാടായിരിക്കും കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുക. ഭരണം നിലനിര്‍ത്താനുള്ള പിന്തുണയുണ്ടെന്ന് കമല്‍നാഥ് ഇന്നലെയും ആവര്‍ത്തിച്ചു. കാത്തിരുന്ന് കാണാമെന്നാണ് കമല്‍നാഥിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."