ലയിക്കുന്നതിന് മുന്‍പ് ഒന്നല്ല, പൊന്‍തൂവല്‍ രണ്ട്
രാജ്യത്ത് ഫുട്‌ബോളിന്റെ മക്കയാണ് കൊല്‍ക്കത്ത. ഇവിടം ആസ്ഥാനമായുള്ള രണ്ട് ഫുട്‌ബോള്‍ ഫേവറിറ്റുകള്‍ ലയിക്കുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെയൊരു ലയനം ഏതൊരു ഫുട്‌ബോള്‍ പ്രേമികളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഐ ലീഗില്‍ ആജന്‍മ എതിരാളികളായ ഈസ്റ്റ് ബംഗാളിനെ ബഹുദൂരം പിറകിലാക്കി മോഹന്‍ ബഗാനും ഐ.എസ്.എല്ലിന്റെ ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയെ മുട്ടുകുത്തിച്ച് എ.ടി.കെയും കിരീടം ചൂടിയപ്പോള്‍ തങ്ങളുടെ അവസാന ശ്വാസത്തിലും അജയ്യരായി തന്നെയാണ് ഇരുടീമും രണ്ട് പ്രധാന രാജ്യാന്തര ടൂര്‍ണമെന്റിന്റെ പടിയിറങ്ങുന്നത്. (ഐ.എസ്.എല്ലലേക്ക് പുതിയ രൂപത്തിലും ഭാവത്തിലും ഇവര്‍ ഒരു പേരില്‍ തിരിച്ചെത്തും). കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെ സംബന്ധിച്ചിടത്തോളം ഇതൊരു അവിസ്മരണീയ സീസണ്‍ കൂടിയാണ്. കഴിഞ്ഞയാഴ്ച മോഹന്‍ ബഗാനാണെങ്കില്‍ ഈയാഴ്ച എ.ടി.കെയാണ് കിരീടം ഉയര്‍ത്തി പകിട്ടറിയിച്ചത്.
ആവേശം പകരാന്‍ പരിശീലകരും ഒഫിഷ്യല്‍സും സഹതാരങ്ങളും മാത്രം കാണികളായി നിന്ന അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു എ.ടി.കെയുടെ കിരീടനേട്ടം. നായകന്‍ റോയ് കൃഷ്ണയുടെ കണിശതയാര്‍ന്ന പാസിങ്ങും ഗോള്‍കീപ്പര്‍ അരിന്തം ഭട്ടാചാര്യയുടെ ഗോള്‍വലയ്ക്കു മുന്നിലെ സുരക്ഷയും എതിരാളിയെ വിറപ്പിച്ച് ഗോള്‍വലയില്‍ പന്തെത്തിച്ച ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ മികവുമെല്ലാം കൊല്‍ക്കത്തന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വീണ്ടുമൊരു പൊന്‍തൂവല്‍ സമ്മാനിച്ചു. ഇതോടെ ഐ.എസ്.എല്ലില്‍ ഹാട്രിക് കരസ്ഥമാക്കുന്ന ആദ്യ ടീമായി എ.ടി.കെ മാറുകയും ചെയ്തു.
2014ല്‍ ഉദ്ഘാടന സീസണില്‍ കേരളക്കരയെയാകെ കരയിപ്പിച്ച് നേടി തുടങ്ങിയ കിരീടനേട്ടത്തിന്റെ ജൈത്രയാത്രയാണ് ടീമിന്റെ അവസാന ശ്വാസത്തിലും കൊല്‍ക്കത്ത തുടര്‍ന്നത്. ഇന്ന് ടീമിന് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ അന്റോണിയോ ഹെബാസ് തന്നെയായിരുന്നു തുടക്കത്തിലും കൊല്‍ക്കത്തയുടെ വിജയത്തിനായി പിന്നില്‍ നിന്ന് ചരടുവലിച്ചത്. അന്ന് 1-0നായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ അവര്‍ തുരത്തിയത്. തുടര്‍ന്ന് 2015ല്‍ ഇയാന്‍ ഹ്യൂമിന്റെ ഗേള്‍വേട്ടയുടെ പിന്‍ബലത്തില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ആ സീസണ്‍ അവിടം കൊണ്ട് അവസാനിച്ചു. 2016ല്‍ വീണ്ടുമൊരു 'ഹ്യൂമാട്ടം' പിറവി കൊണ്ടപ്പോള്‍ കൊല്‍ക്കത്തന്‍ മണ്ണിലേക്ക് പിന്നെയും ഐ.എസ്.എല്‍ കപ്പ് വിരുന്നെത്തി. അന്നും ബ്ലാസ്റ്റേഴ്‌സായിരുന്നു നിര്‍ഭാഗ്യത്തിന്റെ കൊടുമുടി കയറിയത്.
തുടര്‍ന്നുള്ള രണ്ട് സീസണിലും മുന്‍ ചാംപ്യന്‍മാരുടെ പ്രകടനം പോലും പുറത്തെടുക്കാന്‍ കഴിയാതെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ നാട്ടുകാര്‍ തകര്‍ന്നടിഞ്ഞു. ഇതുവരെയുള്ള സീസണിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. 2017-18 സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് വെറും നാലെണ്ണത്തില്‍ മാത്രം വെന്നിക്കൊടി നാട്ടിയ കൊല്‍ക്കത്തയുടെ സ്ഥാനം പട്ടികയില്‍ ഒന്‍പതാമതായിരുന്നു. അടുത്ത സീസണില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇയാന്‍ ഹ്യും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറിയ ശേഷമുള്ള രണ്ട് സീസണുകളിലായിരുന്നു കൊല്‍ക്കത്തയുടെ ഈ അപ്രതീക്ഷിത പതനം. എന്നാല്‍ സടകുടന്നെഴുന്നേറ്റ സിംഹത്തെപ്പോലെ കൊല്‍ക്കത്ത വീണ്ടുമൊരു വമ്പന്‍മാരായാണ് ഈ സീസണില്‍ തിരിച്ചുവന്നത്.
ആദ്യ മൂന്നു സീസണുകളിലും സ്പാനിഷ് ക്ലബ് ടൂര്‍ണമെന്റ് ലാലിഗയിലെ ടീമുകളിലൊന്നായ അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു കൊല്‍ക്കത്തയുടെ മുഖ്യ പങ്കാളി. പിന്നീട് സഞ്ജീവ് ഗോയങ്കെ ടീമിന്റെ ഓഹരി ഏറ്റെടുത്തതോടെ സ്വതന്ത്ര ടീമായി മത്സരിക്കാന്‍ തുടങ്ങി. ലാലിഗ ക്ലബ്ബിന്റെ ടീം ഉദ്ദരിച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന നാമധേയത്തില്‍ കളിച്ച കൊല്‍ക്കത്തയുടെ പേര് ഇതോടെ 2017ല്‍ എ.ടി.കെ എന്നായി. ഒടുവില്‍ അമ്ര ടിം കൊല്‍ക്കത്ത എന്ന പേരിലിറങ്ങി വീണ്ടുമൊരു കപ്പുയര്‍ത്തിയാണ് കൊല്‍ക്കത്ത പുതിയൊരു ടീമിന്റെ വേഷമണിയുന്നത്.
അതേസമയം, 1889ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ കാലെടുത്തുവച്ച മോഹന്‍ ബഗാന്‍ 1904ലാണ് ആദ്യമായി കിരീടം ചൂടുന്നത്. 1911ല്‍ ഐ.എഫ്.എ ഷീല്‍ഡ് സ്വന്തമാക്കി ദേശീയ ഫുട്‌ബോളില്‍ വരവറിയിച്ചു. ബ്രിട്ടീഷുകാരുടെ ക്ലബ് യോര്‍ക്‌ഷെയര്‍ റജിമെന്റിനെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു കിരീടനേട്ടം. 1889ല്‍ ക്ലബ് രൂപം കൊണ്ടപ്പോഴുണ്ടായിരുന്ന ഒരാള്‍ പോലും ഇന്ന് ബഗാനൊപ്പമില്ലെങ്കിലും 130 വര്‍ഷങ്ങള്‍ മുന്‍പുള്ള അതേ പ്രൗഢിയില്‍ ബഗാന്‍ കളം നിറഞ്ഞുകളിച്ചു.
ഇന്ത്യന്‍ ആഭ്യന്തര ഫുട്‌ബോളിലെ രണ്ട് പ്രധാന ടൂര്‍ണമെന്റിലെ രണ്ട് ടീമുകള്‍ ഒന്നാവുമ്പോള്‍ ടീം പ്രബല ശക്തിയായി, കൂടുതല്‍ ആര്‍ജവത്തോടെ നിറസാന്നിധ്യമാവുമെന്ന് ഫുട്‌ബോളിനെ അറിയുന്ന, നെഞ്ചേറ്റുന്ന ഓരോ പ്രേമികള്‍ക്കുമറിയാം. അതാണ് കൊല്‍ക്കത്തയുടെ ഈ രണ്ട് ടീമും ലക്ഷ്യമിടുന്നതും.
ഇനിയങ്ങോട്ട് തങ്ങളെ തടയിടാന്‍ ഇന്ത്യയിലെ ഒരു ടീമിനും കഴിയില്ലെന്ന ആത്മവിശ്വാസത്തോടെ അവര്‍ ഒന്നിക്കും. താമസിയാതെ നമുക്ക് ആ മംഗള മുഹൂര്‍ത്തത്തിനായ് കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."