ബാങ്കുകള്‍ക്ക് പാവപ്പെട്ടവരോട് കരുതല്‍ വേണം: ജില്ലാ കലക്ടര്‍
മലപ്പുറം: വിവിധയിനം വായ്പകള്‍ക്കായി ജില്ലയില്‍ ബാങ്കുകളെ സമീപിക്കുന്നവരില്‍ 90 ശതമാനവും പാവങ്ങളാണെന്നും ബാങ്കുകള്‍ അവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു കലക്ടര്‍. വായ്പ അനുവദിക്കുന്ന കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ബാങ്കുകള്‍ മുന്നോട്ടുവരണമെന്നും ആദിവാസി- പട്ടികവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ ബാങ്കുകള്‍ വായ്പാ- നിക്ഷേപ അനുപാതം 75 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കനറാ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ.എ. നാസര്‍ പറഞ്ഞു. കാര്‍ഷിക സ്വര്‍ണ വായ്പകള്‍ ബാങ്കുകള്‍ ദുരുപയോഗം ചെയ്യരുതെന്നു തിരുവനന്തപുരം റിസര്‍വ് ബാങ്ക് മാനെജര്‍ ചൈതന്യ ദേവി പറഞ്ഞു. നബാര്‍ഡ് ഡി.ഡി.എം. ജെയിംസ് പി.ജോര്‍ജ്, ലീഡ് ജില്ലാ മാനെജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, വേദപ്രകാശ്, ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."