ത്രികോണ പോരാട്ടത്തിന് വേദിയാവാനൊരുങ്ങി കോട്ടയം
#എം. ഷഹീര്‍
9446015022
ഉമ്മന്‍ചാണ്ടി മുതല്‍ നിഷ ജോസ് കെ. മാണി വരെയുള്ളവരെ ഇറങ്ങിയേക്കുമെന്ന് യു.ഡി.എഫും സി.പി.എമ്മോ മറ്റു ഘടകകക്ഷികളോ എന്നുറപ്പിക്കാതെ എല്‍.ഡി.എഫും ശങ്കിച്ചു നില്‍ക്കുന്ന സാഹചര്യമാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇടതും വലതും ആരെയുമിറക്കട്ടെ, അങ്കത്തിന് ഒരു കൈ നോക്കാമെന്നുറച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് കൂടി രംഗത്തുവന്നാല്‍ കോട്ടയത്തെ തെരഞ്ഞെടുപ്പ് തീപാറുന്ന ത്രികോണ മത്സരമാവുമെന്നുറപ്പ് . ക്രിസ്ത്യന്‍, ഈഴവ,നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം ഉറച്ച വലതു കോട്ടയെന്നാണ് തെരഞ്ഞെടുപ്പ് ചരിത്രം നല്‍കുന്ന ചിത്രം.
കോട്ടയം ലോക്‌സഭാ മണ്ഡലം കേരളാ കോണ്‍ഗ്രസി(എം)നു തന്നെയെന്ന് സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ആണയിട്ടു പറഞ്ഞതോടെ പാര്‍ട്ടിയില്‍ നിന്നാരെന്ന ചോദ്യത്തിനു മാത്രം ഉത്തരം തേടാനിരിക്കെയാണ് കെ.എം മാണിയെ തേടി പുതിയ പ്രതിസന്ധി വന്നത്. 2010ല്‍ കൂടെ കൂട്ടിയ പി.ജെ ജോസഫിനും കൂട്ടര്‍ക്കും വേണ്ടി യു.ഡി.എഫില്‍ ഒരു സീറ്റ് കൂടി ചോദിച്ചുവാങ്ങേണ്ടി വരുമെന്നതാണ് മാണിയുടെ നിലവിലെ പ്രശ്‌നം. ഇടുക്കിയിലാണ് ജോസഫിന്റെ കണ്ണെങ്കിലും അവിടെ കോണ്‍ഗ്രസിന്റെ കൈപ്പത്തി പിടിമുറുക്കിയിട്ടു കാലങ്ങളായെന്നുള്ളത് കാര്യങ്ങള്‍ മാണിക്ക് അത്ര എളുപ്പമാക്കില്ല. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്കായി വിട്ടു നല്‍കിയെന്നു പറയുന്ന പി.ജെ ജോസഫ് കോട്ടയം തന്റെ ഗ്രൂപ്പിനു നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ ഇടുക്കിയും കോട്ടയവും കോണ്‍ഗ്രസുമായി വച്ചുമാറാനുള്ള സാധ്യതയും തള്ളാനാവില്ല. കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങളെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കു തന്നെയാകും കോട്ടയത്ത് സ്ഥാനാര്‍ഥിത്വം.
ഉമ്മന്‍ ചാണ്ടി വന്നാല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്ന് തിരികെ കിട്ടിയ കോട്ടയം സീറ്റ് തിരികെ നല്‍കുന്നത് മാണി ഗ്രൂപ്പില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവച്ചേക്കും. ലോക്‌സഭാംഗത്വം രാജിവച്ച ജോസ് കെ. മാണിക്കു രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ കോട്ടയം മണ്ഡലവും പാര്‍ട്ടിക്കു തന്നെയെന്നാണ് മാണി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ ഉറപ്പ്. മറിച്ചുണ്ടാകുന്ന നീക്കങ്ങള്‍ പാര്‍ട്ടിക്ക് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ജോസഫിനെ അനുനയിപ്പിച്ച് ഒരു സീറ്റില്‍ തൃപ്തിപ്പെടാനാണ് മാണി ഒരുങ്ങുന്നതെങ്കില്‍ കോട്ടയത്ത് മാണി കുടുംബത്തിലെ മരുമകള്‍ നിഷ ജോസ് കെ. മാണിക്കു തന്നെയാകും മുന്‍ഗണന. കഴിഞ്ഞ കുറേക്കാലങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റുമായി പൊതുരംഗത്ത് സജീവമായ നിഷയുടെ പേര് ആദ്യം ഉയര്‍ന്നുവന്നിരുന്നെങ്കിലും അതു മുളയിലേ നുള്ളി ജോസ് കെ. മാണി രംഗത്തുവന്നു. തുടക്കത്തിലേ നിഷയുടെ പേരു പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍ കോലാഹലമുണ്ടാക്കുമെന്നു കണ്ടാണ് ജോസ് കെ. മാണി അത്തരമൊരു നിലപാടെടുത്തതെന്നും പറയുന്നുണ്ട്. കടുത്തുരുത്തി എം.എല്‍.എയും ജോസഫ് വിഭാഗത്തിലെ കരുത്തനുമായ മോന്‍സ് ജോസഫിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്‍, പാര്‍ട്ടിയിലെ യുവനേതാക്കളായ പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ എന്നിവരും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പരിഗണനാ പട്ടികയിലുണ്ട്.
യു.ഡി.എഫില്‍ ആരു വന്നാലും എല്‍.ഡി.എഫിന് ഗോദയിലിറക്കാന്‍ എന്നും മുന്നിലുള്ളത് മുന്‍ എം.പി കെ.സുരേഷ് കുറുപ്പിന്റെ പേരു തന്നെയാകും. സി.പി.എം കോട്ടയം സീറ്റ് തിരിച്ചെടുക്കുമോയെന്നതിനെ അടിസ്ഥാനമാക്കിയാകും ഇപ്പോള്‍ ഏറ്റുമാനൂര്‍ എം.എല്‍.എയായ കുറുപ്പിന്റെ സാധ്യതകള്‍. കുറുപ്പിനോളം വ്യക്തിപ്രഭാവമുള്ള മറ്റൊരു സ്ഥാനാര്‍ഥി സി.പി.എമ്മിനില്ലെന്നതാണ് സത്യം. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കെ.ജെ തോമസ് , ചിന്തകന്‍ കൂടിയായ അഡ്വ.പി.കെ ഹരികുമാര്‍ എന്നിവരും സി.പി.എമ്മിന്റെ സാധ്യതാ പട്ടികയിലുണ്ട്.
2014ലെ പോലെ ജനതാദളി(എസ്)ന് കോട്ടയം സീറ്റ് നല്‍കാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെ വന്നാല്‍ മന്ത്രിസ്ഥാനമൊഴിഞ്ഞ തിരുവല്ല എം.എല്‍.എ മാത്യു ടി. തോമസ് രണ്ടാമതൊരു അങ്കത്തിനായി കോട്ടയത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരിക്കല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നിന്ന് മൂവാറ്റുപുഴയില്‍ വിജയക്കൊടി പാറിച്ച് കേന്ദ്രമന്ത്രിസ്ഥാനം വരെ നേടിയ പി.സി തോമസാണ് എന്‍.ഡി.എ വരുന്നതെങ്കില്‍ കോട്ടയത്തു മത്സരം തീപാറുമെന്നുറപ്പ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളും ക്രിസ്ത്യന്‍ മേഖലകളിലെ തോമസിന്റെ സ്വാധീനവും നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍.ഡി.എയെ സഹായിക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനമെത്തും മുന്‍പു തന്നെ കോട്ടയത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഏകദേശ രൂപമാകുമെന്നാണ് കരുതുന്നത്. വരുന്ന ആഴ്ചകള്‍ മുന്നണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."