ജില്ലയെ ഞെട്ടിച്ച് വീണ്ടും ഡിഫ്തീരിയ മരണം
മലപ്പുറം: ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചതോടെ ജില്ല വീണ്ടും കനത്ത ഭീതിയില്‍. ഡിഫ്തീരിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. മരിച്ച താനൂര്‍ സ്വദേശി മുഹമ്മദ് അമീ(14)നെ കൂടാതെ ജില്ലയിലെ മൂന്നിയൂര്‍, ചീക്കോട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ തീവ്ര നിരിക്ഷണത്തിലാണ്. അതിനിടെ ചീക്കോട് സ്വദേശിയായ കുട്ടിക്ക് ഡിഫ്തീരിയയെല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ടോണ്‍സലൈറ്റിസ് എന്ന പേരുള്ള തൊണ്ടയിലുണ്ടാകുന്ന സാധാരണ പഴുപ്പാണ് രോഗ കാരണമെന്നാണ് ഇന്നലെ ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. മൂന്നിയൂരില്‍ താമസക്കാരനായ പള്ളിക്കല്‍ സ്വദേശിയടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. ഇതിനു ശേഷമെ രോഗകാരണം ഡിഫ്തീരിയയാണോ എന്ന് സ്ഥിരീകരിക്കൂ. പ്രതിരോധ കുത്തിവെപ്പിന്റെ അഭാവമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റു രണ്ടു കുട്ടികളും സുഖം പ്രാപിച്ചു വരികയാണ്. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഭാഗികമായി കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഡിഫ്തീരിയമൂലം ഇത്തവണയും ഒരാള്‍ മരിക്കാനിടയായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ടുകുട്ടികള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കുട്ടികളിലും കുത്തിവെപ്പ് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീവ്രയജ്ഞം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജില്ലയില്‍ ഏഴ് വയസ്സിനും 16 വയസിനും ഇടയിലുള്ള 25,000 ത്തിലധികം കുട്ടികള്‍ക്ക് യാതൊരു പ്രതിരോധ കുത്തിവെപ്പും എടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒന്നര ലക്ഷം പേര്‍ ഭാഗികമായി മാത്രം പ്രതിരോധ വാക്‌സിന്‍ സ്വികരിച്ചവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."