തകര്‍ന്ന് വ്യാപാര മേഖല; വായ്പകള്‍ക്ക് മൊറട്ടോറിയം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരമേഖല അനിശ്ചിതത്വത്തില്‍. രോഗം ഇനിയും വ്യാപിക്കുമെന്ന ആശങ്കയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതാണ് വ്യാപാരികളെ വെട്ടിലാക്കിയിരിക്കുന്നത്.
പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് വ്യാപാരമേഖല കരകയറുന്നതിനിടെ കൊവിഡ് കൂടി ആയപ്പോള്‍ എന്തു ചെയ്യണമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളുടെ എല്ലാവിധ വായ്പകള്‍ക്കും ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വരെ ഭീതികാരണം ജനങ്ങള്‍ മാറിനില്‍ക്കുകയാണ്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചു.
ആളുകളെത്താന്‍ മടിക്കുന്നതിനാല്‍ ദിനംപ്രതി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വ്യാപാര മേഖലയില്‍ ഉണ്ടായിരിക്കുന്നത്. രാത്രി വരെ സജീവമായിരുന്ന പല കടകളും തിരക്കില്ലാത്തതിനാല്‍ നേരത്തെ അടയ്ക്കുകയാണ്. ചില ഹോട്ടലുകളും താല്‍കാലികമായി അടച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷമായി വ്യാപാരമേഖല നിരന്തരം പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൈത്താങ്ങ് വേണമെന്നും മുഴുവന്‍ വ്യാപാരസംഘടനകളോടും കൂടിയാലോചിച്ച് ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്.എസ് മനോജ് പറഞ്ഞു.
കൊവിഡ് ബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തിറക്കിയതോടെ ആ പ്രദേശങ്ങളിലും ആളൊഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത് കാരണം ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടക്കമുള്ള സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. പെട്ടെന്നു കേടാകുന്ന പഴം, പച്ചക്കറി തുടങ്ങിയവ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും വലിയ നഷ്ടമാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഉണ്ടായത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി എന്നതും സ്ഥിതി കൂടുതല്‍ ഗൗരവമാക്കുന്നു. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം നില നില്‍ക്കുന്നതെങ്കിലും ഒരു മാസം കൊണ്ട് സ്ഥിതി മാറുമെന്ന പ്രതീക്ഷ വ്യാപാരികള്‍ക്കില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്ന വഴിയോരക്കച്ചവടക്കാരും നഷ്ടത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."