HOME
DETAILS
MAL
യാത്രാവിലക്കും നിയന്ത്രണവുംച ട്രാവല്‍ മേഖല സ്തംഭനത്തിലേക്ക്
backup
March 17 2020 | 05:03 AM
കോഴിക്കോട്: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ യാത്രാവിലക്കും സന്ദര്‍ശകര്‍ക്കു നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ട്രാവല്‍ മേഖലയെ സ്തംഭനത്തിലാക്കി. വിമാനങ്ങള്‍ സര്‍വിസ് റദ്ദാക്കുന്നതിന് പുറമെ കൂടുതല്‍ പേര്‍ യാത്ര ഉപേക്ഷിക്കുന്നതും പതിവായതോടെ വന്‍തിരിച്ചടിയാണ് ഈ മേഖല നേരിടുന്നത്.
മലബാറില്‍ മാത്രം ഇതുമൂലം 100 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാവും. കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണ് സമ്പൂര്‍ണ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ബഹ്‌റൈനും ഒമാനും കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നു മുതല്‍ യു.എ.ഇയും വിസ സ്റ്റാമ്പിങ് നിര്‍ത്തിവയ്ക്കും. പുതിയ വിസ അനുവദിക്കുന്നതും കാലാവധി തീര്‍ന്നത് പുതുക്കുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് യു.എ.ഇ ഭരണകൂടത്തിന്റെ തീരുമാനം.
വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ട്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമായിട്ടും ഗള്‍ഫ് മലയാളികള്‍ യാത്ര ഒഴിവാക്കുകയാണ്. നാട്ടില്‍ വന്നാല്‍ 14 മുതല്‍ 28 ദിവസം വരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശമുള്ളതിനാല്‍ നാട്ടിലേക്കു വരാന്‍ പലരും മടിക്കുന്നു. ഇടക്കിടെ ഗള്‍ഫിലേക്ക് യാത്ര ചെയ്തിരുന്ന ബിസിനസുകാരും യാത്ര ഒഴിവാക്കുകയാണ്.
കൊവിഡ്-19 സംബന്ധിച്ച നിയന്ത്രണങ്ങള്‍ ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് പാക്കേജുകള്‍ക്കാണ് തിരിച്ചടിയായതെങ്കില്‍ ഇപ്പോള്‍ എല്ലാതരം വിമാനയാത്രക്കാരെയും ബാധിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഉംറ പാക്കേജുകളും വിശുദ്ധനാട്, യൂറോപ്യന്‍ യാത്രകളും പല ട്രാവല്‍ കമ്പനികളും ഒഴിവാക്കിയിരുന്നു. കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയത്. സമ്പൂര്‍ണ യാത്രാവിലക്കിലേക്കു വരെ ഇതെത്തി.
സര്‍വിസ് റദ്ദാക്കുന്ന വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുന്നുണ്ട്. സഊദി ബജറ്റ് എയര്‍ലൈനായ ഫൈനാസും എയര്‍ അറേബ്യയും യാത്രക്കാര്‍ക്കു തുല്യവിലയ്ക്കുള്ള കൂപ്പണ്‍ നല്‍കുന്നുണ്ട്. പിന്നീടൊരിക്കല്‍ ഈ കൂപ്പണ്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതു യാത്രക്കാര്‍ക്കു നഷ്ടമൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍ ടിക്കറ്റ് ഇഷ്യൂ ചെയ്ത ട്രാവല്‍ കമ്പനികള്‍ക്കുള്ള കമ്മിഷന്‍ നഷ്ടമാകും.
പൂര്‍ണ വിലക്കില്ലാത്തതിനാല്‍ യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികള്‍ സര്‍വിസ് റദ്ദാക്കുന്നില്ല. എന്നാല്‍ വിസ പുതുക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും യാത്ര ഉപേക്ഷിക്കേണ്ടിവരുന്നു. ഇങ്ങനെ കൂട്ടത്തോടെ ടിക്കറ്റ് റദ്ദാക്കുന്നതും ട്രാവല്‍ കമ്പനികള്‍ക്കു തിരിച്ചടിയാവുകയാണ്.
അവധിക്കാല യാത്രക്കാര്‍ ഏറ്റവും കൂടുതലുള്ളതിനാല്‍ ഏപ്രിലിലെ ആദ്യപകുതി വിമാനയാത്രാ മേഖലയിലെ മികച്ച സീസണായാണ് കണക്കാക്കിയിരുന്നത്. സീസണുകളില്‍ കോഴിക്കോട്ടു നിന്ന് മാത്രം ശരാശരി 20,000 പേരാണ് യാത്ര ചെയ്തിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വന്‍ ഇടിവുണ്ട്. അതിനിടെ, ലക്ഷദ്വീപ് ഭരണകൂടവും വിനോദ സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. യാത്രാനിയന്ത്രണങ്ങള്‍ കൂടുതല്‍ ദിവസം നീളുകയാണെങ്കില്‍ ട്രാവല്‍, ടൂറിസം മേഖല വന്‍ പ്രതിസന്ധിയിലാകുമെന്ന് ഈരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."