തീരശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ കര്‍മപദ്ധതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: തീരദേശത്തെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ ശാസ്ത്രീയവും സമയബന്ധിതവുമായ കര്‍മപദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ശുചീകരണ പ്രവര്‍ത്തികള്‍ ഏകീകരിക്കാനും അവലോകനം നടത്താനും മേയര്‍, കലക്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് സി.ഇ, ഫിഷറീസ് ഡി.ഡി എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ഓരോ 25 വീടുകളും ഓരോ ഗ്രൂപ്പായി തിരിച്ച് ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനത്തിനാണ് പ്രഥമ പരിഗണന നല്‍കുക. പ്ലാസ്റ്റിക് വേസ്റ്റുകള്‍ കഴുകി വീട്ടില്‍ സൂക്ഷിച്ചിരുന്നാല്‍ ഈ പ്ലാസ്റ്റിക്കുകള്‍ ഓരോമാസവും ശേഖരിച്ച് പുനരുപയോഗത്തിനായി നല്‍കും.
അഷ്ടമുടിക്കായലിലേക്ക് അറവുശാലയിലെ മാലിന്യങ്ങള്‍ തള്ളുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി കൊല്ലം താലൂക്ക് കേന്ദ്രീകരിച്ച് സെന്‍ട്രലൈസ്ഡ് ഹൈടെക് സ്ലോട്ടറിങ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഹാര്‍ബറിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ സ്ഥാപിക്കും. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി ലോക്കറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, സിറ്റി പൊലിസ് കമ്മിഷ്ണര്‍ സതീഷ് ബിനോ, എ.ഡി.എം പി.എസ് സ്വര്‍ണമ്മ, ഹാര്‍ബര്‍ എന്‍ജിനീയറിങ്
സി ഇ അനില്‍കുമാര്‍,
ഫിഷറീസ് ഡി.ഡി സി.റ്റി സുരേഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."