വാളയാര്‍ പെണ്‍കുട്ടികളുടെ മരണം, വെറുതെ വിട്ട മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വെറുതെ വിട്ട മൂന്നുപേരെ പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കി. എം. മധു, വി. മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മറെറാരു പ്രതിയായ ഷിബുവിനെ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. ഇയാള്‍ തമിഴ്നാട്ടിലാണ്.പ്രതികളെ വെറുതെ വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതികള്‍ രാജ്യം വിടാന്‍ പോലും സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാമെന്ന് നിര്‍ദേശിച്ചത്.
ആറ് കേസുകളായി നാല് പ്രതികളുടെ വിചാരണയായിരുന്നു പാലക്കാട് പോക്സോ കോടതിയില്‍ നടന്നത്. രണ്ടു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2019 ഓക്ടോബര്‍ അഞ്ചിന് തെളിവുകളുടെ അഭാവത്തില്‍ പ്രദീപ്കുമാര്‍, എം. മധു, വി. മധു, ഷിബു എന്നിവരെ കോടതി കുറ്റമുക്തരാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതി മരവിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ കോടതി ഉപാധികളോടെ ജാമ്യത്തിലായതിനാല്‍ അറസ്റ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ സര്‍ക്കാരും കുട്ടികളുടെ അമ്മയും നല്കിയ അപ്പീല്‍ വേനലവധി കഴിഞ്ഞ് മെയ് 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."