അരിമ്പ്രമലയിലെ ക്വാറി നിര്‍മാണ നീക്കത്തിനെതിരേ പ്രക്ഷോഭം നടത്തും
മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ അരിമ്പ്ര മലയില്‍ ആരംഭിക്കാനിരിക്കുന്ന വന്‍ ക്വാറി, ക്രഷര്‍, വെടിമരുന്ന് സൂക്ഷിപ്പുശാലക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അരിമ്പ്രമല സംരക്ഷണ സമിതി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മലയുടെ താഴ്വാരത്ത് മുന്നൂറോളം കര്‍ഷക കുടുംബങ്ങള്‍ താമസിക്കുകയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇവരുടെ ജീവന് ഭീഷണിയായാണ് ക്വാറി പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത്. ഇതിനെതിരേ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ അധികാരികള്‍, മൈനിങ് ജിയോളജി വകുപ്പ്, ജില്ലാ കലക്ടര്‍, പരിസ്ഥിതി വകുപ്പ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് രണ്ട് ഇവിടെ രണ്ട് സ്ഥലങ്ങളിലായി ഉരുള്‍പൊട്ടുകയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ കൃഷി നാശമുണ്ടാകുകയും ചെയ്തിരുന്നു. ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണെന്ന് ഭൗമശാസ്ത്ര വകുപ്പ് സ്ഥിരീകരിച്ച അതീവ പരിസ്ഥിതി ലോല പ്രദേശമായ ഈ മലയെ സംരക്ഷിക്കുന്നതിനായി സജീവ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംരക്ഷണ സമിതി ഭാരവാഹികളായ ഒ. മുഹമ്മദ്, കെ. അബ്ദുല്‍ ബഷീര്‍, സി. ജയരാജന്, എം.ടി സൈഫുദ്ദീന്, കെ. ഖാലിദ് ഷമീം എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."