കുടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള ആരുടെയും അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് മുല്ലപ്പള്ളി
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള ആരുടെയും അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ജനമഹായാത്രയുടെ പര്യടനത്തിനായി കാസര്‍കോടെത്തിയ മുല്ലപ്പള്ളി ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള ഘടകകക്ഷികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ഇക്കാര്യത്തിലെല്ലാം ജനാധിപത്യപരമായ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാണക്കാട് ചെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലില്ല. ഇത്തരം കാര്യങ്ങളിലെല്ലാം ആഴ്ന്നിറങ്ങിയ ചര്‍ച്ചകള്‍ ഇനി നടക്കാനിരിക്കുന്നതേയുള്ളൂ. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിനകത്ത് ഒരു പ്രശ്‌നവുമുണ്ടാകില്ല. പ്രശ്‌നമുണ്ടാകുന്നതെല്ലാം പഴങ്കഥയാണ്. വിജയസാധ്യതയ്ക്കുള്ള മെറിറ്റ് മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കുക. ഒരു പ്രശ്‌നവുമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കാനാവും. ആര്‍ക്കാണോ വിജയസാധ്യത അവരേയാണ് പരിഗണിക്കുക. യൂത്ത് കോണ്‍ഗ്രസില്‍ വിജയസാധ്യതകളുള്ളവരുണ്ടെങ്കില്‍ അവരേയും പരിഗണിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് (എം) ല്‍ ജോസഫും മാണിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് അറിവ്. ഇരുവരും കഴിഞ്ഞ ദിവസം ഒന്നിച്ചാണ് തന്നെ വന്നു കണ്ടത്. മുന്നണി സംവിധാനമാകുമ്പോള്‍ ചെറിയ അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണെന്നും അതൊക്കെ പരിഹരിച്ച് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയിലെ പരമാവധി ആളുകളെ കേരളത്തില്‍ നിന്ന് ലോകസഭയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും യു.ഡി.എഫില്‍ ഇപ്പോള്‍ സീറ്റ് ചര്‍ച്ച പോലും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശനവസ്തുവാക്കി സമരരംഗത്തിറക്കിയത് സി.പി.എം ആണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടികൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ പൊതുസമൂഹം മാപ്പ് നല്‍കില്ലെന്നും വരുന്ന തെരഞ്ഞെടുപ്പിനെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നവും ചര്‍ച്ചയാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."