എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റ പൊലിസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: പാളയത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേറ്റ പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്.
മുഖ്യമന്ത്രിക്കെതിരേ സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടതിനാണ് പേരൂര്‍ക്കട എ.എസ്.പി ക്യാംപിലെ ശരത്തിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. ഇയാളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ എസ്.എഫ്.ഐ പ്രവര്ത്തകന് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസുകാരനെതിരേ നടപടിയെടുത്തത്.
ഈ കഴിഞ്ഞ ഡിസംബര്‍ 12ന് പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചാണ് പൊലിസ് ഉദ്യോഗസ്ഥരായ ശരത്തിനെയും വിനയചന്ദ്രനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സിഗ്നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ചു നടുറോഡില്‍വച്ചാണ് അക്രമം നടന്നത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
തുടര്‍ന്ന് എസ്.എഫ്.ഐ നേതാവ് നസീം കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. മന്ത്രി എ.കെ ബാലന് പങ്കെടുത്ത പരിപാടിയില്‍ നസീമും ഉള്ളതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നു കീഴടങ്ങല്‍ എന്നാണു വിവരം.
അക്രമത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലിസുകാരന് ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടത്തിയതായും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസ് ഇല്ലാതാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പൊലിസിലെ ഉന്നത തലത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."