വേനല്‍ നേരത്തെ; തെരഞ്ഞെടുപ്പ്, പരീക്ഷാകാലങ്ങള്‍ വൈദ്യുതി ബോര്‍ഡിന് വെല്ലുവിളി
ബാസിത് ഹസന്‍#
തൊടുപുഴ: തെരഞ്ഞെടുപ്പ് - പരീക്ഷാകാലങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ വൈദ്യുതി ഉപയോഗം കുതിക്കുന്നത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാകുന്നു. ജനുവരി അവസാന വാരംതന്നെ പ്രതിദിന ഉപഭോഗം 70 ദശലക്ഷം യൂനിറ്റ് പിന്നിട്ടത് ദുഃസൂചനയായാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്. ഈ നില തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് സീസണില്‍ ഉപഭോഗം 85 ദശലക്ഷം യൂനിറ്റിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ 4-5 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നിരുന്നു. 2018 ഏപ്രില്‍ 30 നാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം രേഖപ്പെടുത്തിയത്, 80.935 ദശലക്ഷം യൂനിറ്റ്.
പവര്‍ഗ്രിഡില്‍ നിന്ന് ശരാശരി 3 രൂപ നിരക്കില്‍ 2.5-7 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി നിലവില്‍ കെ.എസ്.ഇ.ബി വാങ്ങുന്നുണ്ട്. അടുത്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള ആസൂത്രണമാണ് ബോര്‍ഡ് നടത്തുന്നത്. വേനല്‍ കടുത്താല്‍ കേരളത്തിന്റെ നാലിരട്ടി ഉപയോഗമുള്ള തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ വില നല്‍കി പവര്‍ഗ്രിഡില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തയാറാകും. ഇത് കേരളത്തെ പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപയോഗം ഉയരും. ഇത് എങ്ങിനെ കേരളത്തെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഈ വര്‍ഷം തണുപ്പ് കൂടുതലായിരുന്നതിനാല്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതേസമയം കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ ജലനിരപ്പ് ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 64 ശതമാനമാണ്. 2653.862 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2732.174 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 67 ശതമാനം വെള്ളമുണ്ട്. അടുത്ത മഴ വര്‍ഷത്തിന് ഇനി 118 ദിവസങ്ങള്‍ കൂടി പിന്നിടണം. 69.998 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. 51.81 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ ആഭ്യന്തര ഉത്പ്പാദനം 18.17 ദശലക്ഷം യൂനിറ്റായിരുന്നു. പരമാവധി 62 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിക്കാനുള്ള ശേഷിയാണ് ഗ്രിഡിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."