കൊവിഡ് 19 നെതിരെ പോരാടാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സൽമാൻ രാജാവ്
റിയാദ്: കൊവിഡ് 19 നെതിരെ പോരാടാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സൽമാൻ രാജാവ്. രാജ്യത്ത് കൊവിഡ് 19 വ്യാപകമാകുന്നതിടെയാണ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾ വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഞങ്ങൾ സർവ്വശക്തനായ ദൈവത്തിന്റെ സഹായത്തെ ആശ്രയിക്കുന്നു. അതോടൊപ്പം രാജ്യത്തെ മുഴുവൻ കഴിവുകളും സന്നാഹങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ ശക്തമായ പ്രതിസന്ധികളെ നേരിടാനുള്ള ദൃഢ നിശ്ചയം ഞങ്ങളെ പിന്തുണക്കുന്നുണ്ട്. ദൈവിക വിശ്വാസത്തോടൊപ്പം നാം ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യുന്നതിലൂടെയും നാം കഷ്ടപ്പാടുകളെ മറികടക്കും. ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും സുരക്ഷിത ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും രാജ്യം നൽകും.
ലോക ചരിത്രത്തിന്റെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നിരുന്നാലും, കഠിനവും കയ്പേറിയതുമായ ബുദ്ധിമുട്ടുകൾക്കിടയിലും, ദൈവവചനങ്ങളിൽ വിശ്വസിച്ചുകൊണ്ട് അവസാനിക്കുകയും കടന്നുപോകുകയും ചെയ്യുമെന്ന് നമുക്ക് പൂർണ വിശ്വാസമുണ്ട്. ഈ പ്രതിസന്ധി ചരിത്രത്തിന്റെ ഒരു ഭാഗമായി മാറും. സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.
വൈറസ് വ്യാപനത്തിനിടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായതെല്ലാം ചെയ്ത് നൽകുകയും രാജ്യത്തുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.
ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതിനുശേഷം വൈറസ് ആഗോള തലത്തിൽ ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അടുത്ത ഘട്ടം ആഗോള തലത്തിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്നും ചരിത്രത്തിലെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ലോകത്തിനാകുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."