കാസര്‍കോട് സാമൂഹ്യവ്യാപന ഭീതിയില്‍: ദുബായ് നൈഫില്‍ നിന്നെത്തിയ മുഴുവനാളുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലക്ടര്‍
കാസര്‍കോട്: രണ്ടാമത്തെ കൊവിഡ്- 19 സ്ഥിരീകരണത്തോടെ കാസര്‍കോട് സാമൂഹ്യവ്യാപന ഭീതിയില്‍. ഇരുവരും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍പ്പെട്ടുവെന്നാണ് വ്യക്തമാവുന്നത്.
ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചയാള്‍ കല്യാണ ചടങ്ങില്‍ സംബന്ധിക്കുകയും നിരവധി ആളുകളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നുമായും മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനുമായും അടുത്ത് ഇടപെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
നഗരപ്രദേശത്തുള്ള ഇയാള്‍ എല്ലാവരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അദ്ദേഹം ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 344 എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്മെന്റില്‍ കാസര്‍കോട്ടെത്തി. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്.
Read more at: വരുന്ന പതിനാല് ദിവസങ്ങള്‍ സംഭവിക്കാവുന്നതെന്ത്?- അറിഞ്ഞു പ്രവര്‍ത്തിക്കാം
കാസര്‍കോട്ടെ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചതും ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ്. നൈഫില്‍ നിന്നെത്തിയ മൂന്നാമതൊരാള്‍ കൂടി നിരീക്ഷണത്തിലാണെന്നും കൊവിഡ്- 19 സാധ്യതയുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ഇനിയും സാധ്യതയുള്ളതിനാല്‍ ദുബായ് നൈഫില്‍ നിന്നെത്തിയ എല്ലാവരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍, പ്രത്യേകിച്ച് ദുബായില്‍ ഏറെ പ്രവാസികളുള്ള നാടാണ് കാസര്‍കോടെന്നും അതുകൊണ്ട് ജാഗ്രത ശക്തമാക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നിരവധി പേര്‍ ഇതിനകം വന്നും പോയുമിരുന്നു. എന്നാല്‍ പലരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എത്തിയവര്‍ക്ക് നിരീക്ഷണത്തിനുള്ള നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മംഗളൂരു വഴിയെത്തിയവര്‍ക്ക് യാതൊരു പരിശോധനയോ നിര്‍ദേശങ്ങളോ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നില്ല.
മംഗളൂരു വഴിയെത്തിയവരുടെ വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചിട്ടില്ല. കാര്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവരെല്ലാം എല്ലാ പരിപാടികളിലും സംബന്ധിക്കുകയും പുറത്തിറങ്ങി നടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."