സമയം പഴാക്കരുത്, പരാജയപ്പെടും
വിഖ്യാത പണ്ഡിതന്‍ ഹസന്‍ ബസ്വരി പറഞ്ഞു:''അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട് നീ എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല. ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഓരോ പ്രഭാതവും വിടരുന്നത് ''.
മറ്റൊരിക്കല്‍ ഹസന്‍ ബസ്വരി പറഞ്ഞു: 'ഹേ, ആദമിന്റെ മകനേ, നീ ഓരോ തവണയും ശ്വസിച്ച് വായു പുറത്തേക്ക് വിടുമ്പോള്‍ നിന്റെ ആയുസ്സിന്റെ ഒരു ഭാഗം കൂടിയാണ് കൊഴിഞ്ഞു പോകുന്നത്'. അതുകൊണ്ട് സമയം പാഴാക്കാതിരിക്കുക.
ജീവിതത്തെ നന്നാക്കുന്നതില്‍ സമയബോധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുതും വലുതുമായ ഓരോ നിമിഷങ്ങളെയും അല്ലാഹുവിന്റെ കല്‍പനക്ക് അനുസൃതമായി ചെലവഴിച്ചവന് ദുഃഖിക്കേണ്ടി വരില്ല.
കഴിഞ്ഞുപോയ ആയുഷ്‌കാലം മരണസമയത്ത് മനുഷ്യന് കുറഞ്ഞ സമയമായാണ് തോന്നുക. ''അതിനെ അവന്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ഇവിടെ കഴിച്ചുകൂട്ടിയിട്ടില്ലാത്തപോലെയായിരിക്കും.'' (അന്നാസിയാത്ത് 46) ''അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്നല്‍പ സമയം മാത്രമേ അവര്‍ (ഇഹലോകത്ത്) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നപോലെ തോന്നും.'' (യൂനുസ് 45).
ജീവിതാന്ത്യത്തില്‍ എത്തിനില്‍ക്കുന്ന മനുഷ്യന് ലഭിക്കുന്ന ഓരോ നിമിഷവും അമൂല്യമാണെന്ന ബോധ്യംവരുന്ന ഘട്ടത്തിലാണ് ജീവിതം അല്‍പം നീട്ടിത്തരാന്‍ മനുഷ്യന്‍ താണുകേണു പറയുന്നത്. അത് ഒരിക്കലും അവന് ഉപകരിക്കില്ല എന്നതാണ് സത്യം. '' നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക. നിങ്ങളില്‍ ഓരോരുത്തനും മരണം വന്നെത്തുകയും അപ്പോള്‍ 'എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ എന്നെ പിന്തിച്ചുകൂടേ; എന്നാല്‍ ഞാന്‍ ധര്‍മം ചെയ്യുകയും സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യുമായിരുന്നല്ലോ' എന്നു പറഞ്ഞേക്കുകയും ചെയ്യുന്നതിനു മുമ്പ്. ഒരാളെയും അവന്റെ അവധി എത്തിയാല്‍ അല്ലാഹു പിന്തിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.'' (മുനാഫിഖൂന്‍ 10,11).
മുആദ്ബനു ജബല്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി(സ്വ) ഇതിന്റെ വിശദീകരണമെന്നോണം പറയുന്നു:'അന്ത്യനാളില്‍ നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്തിട്ടല്ലാതെ ഒരാളുടെ കാലടിയും മുന്നോട്ട് നീങ്ങുകയില്ല. അവന്റെ ജീവിതം അവനെങ്ങനെ ചെലവഴിച്ചു. അവന്റെ യുവത്വം അവന്‍ എങ്ങനെ ഉപയോഗപ്പെടുത്തി. അവന്റെ സമ്പത്ത് അവന്‍ എങ്ങനെ സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു. അവന്റെ അറിവ്, അതുകൊണ്ടവന്‍ എന്തൊക്കെ ചെയ്തു.''(ത്വബ്‌റാനി).
ഇവിടത്തെ ജീവിതം ശാശ്വതമല്ല എന്ന് നമുക്കറിയാം. പരലോകമാണ് അവസാനിക്കാത്ത ജീവിതമെന്നതിനാല്‍ ഈ ലോകത്ത് കിട്ടിയ ഹ്രസ്വമായ അവസരം പാഴാക്കിക്കളയുന്നവന്ന് പരലോകത്തത് വലിയ നഷ്ടക്കച്ചവടമായിരിക്കും.
തിരുനബി(സ) മനുഷ്യരോട് ഉണര്‍ത്തുന്നത് നോക്കൂ: ''മനുഷ്യാ, നീ രോഗം വരുന്നതിന് മുമ്പ് ആരോഗ്യാവസ്ഥയില്‍ പരമാവധി പ്രവര്‍ത്തിക്കുക.(എപ്പോഴാണ് നീ രോഗത്തിനടിമയാവുക എന്നു പറയാന്‍ കഴിയില്ല) ദാരിദ്ര്യം വന്നെത്തുന്നതിന് മുമ്പ് ഐശ്വര്യകാലത്ത് വേണ്ടത് ചെയ്യുക.( ദാരിദ്ര്യം പിടിപെട്ടാല്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല.) തിരക്കു പിടിച്ച ജീവിതം വരുന്നതിന് മുമ്പുള്ള ഒഴിവ് സമയം നഷ്ടപ്പെടുത്താതെ ഉപയോഗിക്കുക. (ജീവിതത്തില്‍ തിരക്കു പിടിച്ച സമയം വന്നാല്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല.) മരണത്തിനു മുമ്പുള്ള ജീവിതത്തില്‍ പരമാവധി പ്രവര്‍ത്തിക്കുക.(മരണം വന്നെത്തിക്കഴിഞ്ഞാല്‍ നിനക്കൊന്നും ചെയ്യാന്‍ സാധ്യമല്ല).''
സമയം ഒരു അമൂല്യ സമ്പത്ത് ആണെന്ന തിരിച്ചറിവ് നമുക്ക് വേണം. എങ്കിലേ നമുക്ക് വിജയിക്കാനാകൂ. ആധുനിക സാമഗ്രികള്‍ വല്ലാതെ വികസിച്ചപ്പോള്‍ സമയം അവകള്‍ കവര്‍ന്നെടുക്കുകയാണ്. കംപ്യൂട്ടറും മൊബൈലും മറ്റും ഉപയോഗിച്ച് വെറുതേ സമയം കളയുകയാണവര്‍. മുന്‍ഗാമികളില്‍ നിന്നും വിജയിച്ചവര്‍ വിജയം നേടിയത് സമയം പാഴാക്കാതെ വിനിയോഗിച്ചതിനാലാണ്. അത്തരം ബോധം അല്ലാഹു നമുക്കും നല്‍കട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."