സ്‌പോര്‍ട്‌സ് ലോട്ടറി: ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ലോട്ടറി നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2006-2011 കാലയളവില്‍ ടി.പി ദാസന്‍ പ്രസിഡന്റായിരിക്കെ നടത്തിയ ലോട്ടറി നടത്തിപ്പിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. 2007 ല്‍ കായിക വികസനം ലക്ഷ്യമാക്കി നടത്തിയ ലോട്ടറി വഴി ലഭിച്ച 12 കോടിയിലധികം രൂപയില്‍ 1.34 കോടി രൂപ കൗണ്‍സിലിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും ലോക്കല്‍ ഫണ്ട്് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടി.പി ദാസനെതിരേ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ലോട്ടറി നടത്തിപ്പ് സംബന്ധിച്ച കൗണ്‍സില്‍ രേഖകളില്‍ അപാകതയുണ്ടെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് കത്തിലുടെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കായിക വികസനത്തിനായി നടത്തിയ ലോട്ടറി വഴി 80 കോടി രൂപയാണ് ലോട്ടറി വകുപ്പ് സമാഹരിച്ചത്. കൂടാതെ കൗണ്‍സില്‍ നേരിട്ട് ടിക്കറ്റുകള്‍ വിറ്റ വകയില്‍ 12,13,36000 രൂപയും പിരിച്ചിരുന്നു. ഇതില്‍ ക്രമക്കേട് ഉണ്ടായിട്ടില്ല എന്നാണ് ടി.പി ദാസന്റെ വാദം. എന്നാല്‍ 1,34,22230 രൂപ കൗണ്‍സിലിനു ലഭിക്കാനുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദാസന്‍ മുഖാന്തിരം ഗള്‍ഫിലെ ഏജന്‍സിക്ക് ലോട്ടറി വിറ്റ വകയില്‍ മൂന്നര ലക്ഷം രൂപ കൗണ്‍സില്‍ അക്കൗണ്ടില്‍ ഇതുവരെ എത്തിയിട്ടില്ല. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് കാഷ് ബുക്കും സ്റ്റോക്ക് ബുക്കും സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോട്ടറി പ്രചാരണത്തിനു കായിക താരങ്ങളുടെ ചിത്രം പതിച്ച ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ അഞ്ച് കോടിയോളം രൂപ ചെലവഴിച്ചു. ജനങ്ങള്‍ക്ക് ലോട്ടറി വിതരണം ചെയ്ത് പണം പിരിച്ചതിനും കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. ഇത്തരം ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണവും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് അന്വേഷങ്ങള്‍ക്ക് അന്നത്തെ ഭരണസമിതി മറുപടി നല്‍കിയിരുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യറാക്കി ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും ഇതിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. അഞ്ജു ബോബി ജോര്‍ജിനു പകരം ടി.പി ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."