കാസര്‍കോട് കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു
കാസര്‍കോട്: കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കടകള്‍ തുറന്ന എട്ടുപേര്‍ക്കെതിരേ കേസെടുത്തു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാത്തവരോട് ഇനി അഭ്യര്‍ഥനയുടെ ഭാഷ സ്വീകരിക്കാനാവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറയിപ്പു നല്‍കി.
വീടുകളില്‍ ഐസലേഷനില്‍ കഴിയണമെന്നു പറഞ്ഞാല്‍ കുടുംബാഗങ്ങളുമായി ബന്ധം സ്ഥാപിക്കാമെന്നല്ല. വീട്ടില്‍ ഒറ്റക്കൊരുമുറിയില്‍ താമസിക്കണമെന്നാണ്. വീട്ടുകാരുമായി യാതൊരു ബന്ധവും നിരീക്ഷണ കാലയളവില്‍ പാടില്ല. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഒരിടത്ത് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ കണ്ടാല്‍ അത് വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നിയന്ത്രണം ലംഘിച്ചതിന്റെ പേരിലും ഒരാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ വ്യാപകമായി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാണ് കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി ഇപ്പോഴും പറയുന്നത് കള്ളങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ആരോഗ്യ വകുപ്പുമായും ജില്ലാ ഭരണകൂടവുമായും സഹകരിക്കുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."