വിസ തട്ടിപ്പ്; വിദ്യാര്‍ഥികള്‍ മനഃപൂര്‍വം കുറ്റം ചെയ്‌തെന്ന് യു.എസ്
വാഷിങ്ടണ്‍: വ്യാജ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എന്റോള്‍ ചെയ്തതിന് അറസ്റ്റിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ മനഃപൂര്‍വം കുറ്റകൃത്യം ചെയ്തതാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. വ്യാജ യൂനിവേഴ്‌സിറ്റിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ യു.എസില്‍ തങ്ങാനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഒരു വിദേശിയും 129 വിദ്യാര്‍ഥികളെയുമാണ് വിസ തട്ടിപ്പ് കേസില്‍ യു.എസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിദ്യര്‍ഥികളെ യു.എസ് അധികൃതര്‍ കുടുക്കുകയായിരുന്നെന്നും ഇവരെ വിട്ടയക്കണമെന്നുമുള്ള ഇന്ത്യന്‍ ആവശ്യം തള്ളി യു.എസ് രംഗത്തെത്തി.ഫര്‍മിങ്ടണ്‍ എന്ന യൂനിവേഴ്‌സിറ്റി ഇല്ലെന്ന് അറസ്റ്റിലായവര്‍ക്ക് അറിയാമെന്നും യു.എസില്‍ തങ്ങാനായി അവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ വര്‍ഷവും പത്ത് ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. 196000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം എത്തിയത്.
തട്ടിപ്പുകള്‍ വളരെ അപൂര്‍വമാണ്. എന്നാല്‍ ഇന്ത്യയുടെയും യു.എസിന്റെയും ഇടയില്‍ വിദ്യാഭ്യാസ മേഖലയില്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫര്‍മിങ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എന്റോള്‍ ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ യു.എസ് ഹോംലന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എച്ച്.എസ്)അറസ്റ്റ് ചെയ്തത്.
അനധികൃത വിദ്യാര്‍ഥികളെ പിടികൂടാനായി ഡി.എച്ച്.എസ് നിര്‍മിച്ച പദ്ധതിയായിരുന്നു ഫര്‍മിങ്ടണ്‍ യൂനിവേഴ്‌സിറ്റി. വിദ്യാര്‍ഥികളെ പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് നോര്‍ത്ത് അമേരിക്ക തെലുഗ് അസോസിയേഷന്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും തെലുഗ് വിദ്യാര്‍ഥികളാണ്. വര്‍ക്ക് പെര്‍മിറ്റ് കിട്ടാനായി അക്രഡിറ്റേഷന്‍ ഇല്ലാത്ത യൂനിവേഴ്‌സിറ്റിയാണെന്ന് അറിയാതെയാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും ചേര്‍ന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു.
കുറ്റക്കാരല്ലെന്ന് ഏജന്റുമാര്‍ കോടതിയില്‍
വാഷിങ്ടണ്‍: യു.എസിലെ വിസ തട്ടിപ്പ് കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യക്കാര്‍. സ്റ്റിങ് ഓപറേഷന്‍ നടത്തി തങ്ങളെ കുടുക്കുകയായിരുന്നെന്ന് മിഷിഗണ്‍ കോടതിയില്‍ നടന്ന വിചാരണക്കിടെ അവര്‍ കോടതിയെ അറിയിച്ചു.
അതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട ഫനിദീപ് കര്‍നാഡിക്ക് (35) കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. എച്ച്-ബി വിസയില്‍ ലൂയിസ്‌വില്ലയില്‍ ഇദ്ദേഹത്തിന് 10000 യു.എസ് ഡോളര്‍ ബോണ്ട് വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ഭരാത് കാകിര്‍ റെഡ്ഢി, സുരേഷ് കന്‍ഡാല, പ്രോം റാംപീസ, സന്തോഷ് സാമ, അവിനാഷ് തക്കല്ലപ്പള്ളി, അശ്വന്ത് നൂന്‍, നവീന്‍, പ്രതിപാട്ടി എന്നിവരെ തടങ്കലിലേക്ക് മാറ്റി. ഡ്രിട്രോയിറ്റ്, വെര്‍ജീനിയ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍നിന്ന് ഇവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് കോടതിയില്‍ ഹാജരാക്കുന്നത്. എട്ടുപേര്‍ക്കെതിരേയുമുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇവര്‍ക്കെതിരേ 16 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."