കൊവിഡ് 19: സഊദിയിൽ നാലായിരത്തിലേറെ പേർ നിരീക്ഷണത്തിൽ, വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം
റിയാദ്: കൊറോണ വ്യാപനം തടയാൻ സഊദിയിൽ വിദേശികളും സ്വദേശികളും പൂർണ്ണമായും സഹകരിക്കാൻ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. വീടുകളിൽ തന്നെ കഴിച്ചുകൂട്ടി പുറത്തിറങ്ങാതെ സഹകരിക്കാനാണ് നിർദേശം. സ്വന്തം വീട്ടില്‍ ഇരുന്ന് രാജ്യത്തെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാവരും പങ്കാളിത്തം വഹിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു. നിലവില്‍ നാലായിരത്തിലേറെ പേര്‍ രാജ്യത്ത് ക്വാറന്റൈനിലുണ്ട്. ഇവര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്‍കുന്നതിന്
പ്രതിക്ജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സഊദി സ്വീകരിക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പതിവായി പുനഃപരിശോധിക്കുന്നുമുണ്ട്. മുന്‍കരുതലുകള്‍ കുറക്കുന്നതിലും കൂടുതല്‍ ശക്തമായ നടപടികള്‍ ഭാവിയില്‍ സ്വീകരിക്കാതിരിക്കുന്നതിലും
പൗരന്മാരുടെയും വിദേശികളുടെയും സഹകരണം പ്രധാനമാണെന്ന്, രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം, കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തിയവരെ ഐസൊലേഷനിൽ പാർപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റിയതായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ കമാന്റ് ആന്റ് കൺട്രോൾ സെന്റർ മേധാവി ഡോ. മുഹമ്മദ് അൽതുവൈജിരി അറിയിച്ചു. പഞ്ച, സപ്ത നക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കി മാറ്റിയിരിക്കുന്നത്.
വിദേശങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുന്ന പക്ഷം കൂടുതൽ ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റുന്നതിന് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. രോഗവ്യാപന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്ന സഊദി പൗരന്മാരെ 14 ദിവസമാണ് ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിൽ പാർപ്പിക്കുന്നത്. ഇവിടെ ഇരുപത്തിനാല് മണിക്കൂറും ആരോഗ്യ വകുപ്പിന്റെ മുഴുസമയ സേവനവും ലഭ്യമാണ്. പരിശോധനകളെല്ലാം പൂർത്തിയാക്കി വൈറസ് മുക്തരാണെന്ന് പൂർണമായും ഉറപ്പുവരുത്തിയും നിശ്ചിത കാലയളവ് പൂർത്തിയാക്കിയ ശേഷവുമാണ് ക്വാറന്റൈനിലുള്ളവരെ പുറത്തു വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."